മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിലെ ഇളവ്; നുണകള്‍ക്കൊപ്പം വിചിത്ര വാദങ്ങളുമായി കര്‍ണാടകം

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ വിചിത്ര വാദങ്ങളിലൊന്ന്.

Update: 2021-04-12 02:45 GMT

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെതിരേ നുണകള്‍ക്കൊപ്പം വിചിത്ര വാദങ്ങളുമായി കര്‍ണാടകം. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ വിചിത്ര വാദങ്ങളിലൊന്ന്.

ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ മഅ്ദനിയെ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലുണ്ട്. അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തില്‍ എത്തിയാല്‍ ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു. കര്‍ണാടക ആഭ്യന്തര വകുപ്പ് സുപ്രിം കോടതിയില്‍ എഴുതിനല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിചിത്ര വാദങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

അതേസമയം, കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത 26 പേജ് ദൈര്‍ഘ്യമുള്ള സ്‌റ്റേറ്റ്‌മെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണുള്ളതെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ആരോപിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ മഅ്ദനിക്കെതിരേ കേസുണ്ടെന്നത് ഉള്‍പ്പടെ നിരവധി അസത്യങ്ങളാണ് കര്‍ണാടകം കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസ്സുകളാണ് കര്‍ണാടകം മദനിയെ എതിര്‍ക്കാനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുള്‍ നാസര്‍ മദനി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ അപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവേ മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ചിന് മുമ്പാകെ തന്നെയണ് ഈ ഹരജിയും പരിഗണിക്കുന്നത്.2014 ല്‍ ആണ് കേസില്‍ മദനിക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണമെന്ന വ്യവസ്ഥ കോടതി അന്ന് മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ ഇളവ് തേടി മദനി നല്‍കിയ അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

Tags:    

Similar News