ഭാര്യയുടെ അവിഹിതം: ഭര്‍ത്താവ് ദു:ഖിച്ച് ആത്മഹത്യ ചെയ്താല്‍ ഭാര്യക്ക് കുറ്റമില്ലെന്ന് കര്‍ണാടക ഹൈക്കോടതി
ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞതില്‍ പിന്നെ ഭര്‍ത്താവ് ദു:ഖിതനായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ ദു:ഖം മൂലമാണ് അയാള്‍ ആത്മഹത്യ ചെയ്തത്.
ബംഗളൂരു: ഭാര്യയുടെ അവിഹിതബന്ധത്തില്‍ വിഷമിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ഭാര്യക്ക് കുറ്റമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയേയും കാമുകനെയും ശിക്ഷിച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസ് ശിവശങ്കര്‍ അമരന്നവരുടെ വിധി. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ബന്ധം ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. ബംഗളൂരു സ്വദേശികളായ പ്രേമയെയും ബാസവലിംഗ ഗൗഡയെയുമാണ് വെറുതെവിട്ടിരിക്കുന്നത്.
ഭാര്യയുടെ പരപുരുഷ ബന്ധത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നതായി വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 'താന്‍ പോയി ചാവൂ, ഞങ്ങള്‍ സന്തോഷത്തോടെ ജീവിച്ചോളാം എന്നാണ് ഭാര്യ ഇതിന് മറുപടി നല്‍കിയത്.'
ഈ പരാമര്‍ശം കൊണ്ടു മാത്രം ഭാര്യയേയും കാമുകനെയും ശിക്ഷിക്കാനാവില്ല. ഭര്‍ത്താവ് മരിക്കണമെന്ന് ഭാര്യ ആഗ്രഹിച്ചിരുന്നില്ല. പറയുമ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു ഉദ്ദേശമുണ്ടായിരുന്നില്ല.
ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞതില്‍ പിന്നെ ഭര്‍ത്താവ് ദു:ഖിതനായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ ദു:ഖം മൂലമാണ് അയാള്‍ ആത്മഹത്യ ചെയ്തത്. കോടതിയുടെ മുന്നിലെത്തിയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഭാര്യയും കാമുകനും ഭര്‍ത്താവിനെ മരിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. തുടര്‍ന്നാണ് ഇരുവരെയും വെറുതെവിട്ട് ഉത്തരവായത്.