വ്യജ സന്ദേശമയച്ച് ഓണ്‍ലൈനിലൂടെ പണം തട്ടിപ്പ് വ്യാപകം;ജാഗ്രതാ മുന്നറിയിപ്പുമായി പോലിസ്

സന്ദേശങ്ങളും, പരസ്യങ്ങളും യഥാര്‍ഥത്തിലുള്ളതാണോ എന്ന് ഉറപ്പുവരുത്തണം. ആപ്പുകള്‍ സൂക്ഷിച്ച് ഡൗണ്‍ലോഡ് ചെയ്യണമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്

Update: 2022-02-17 11:24 GMT

കൊച്ചി: വ്യജ സന്ദേശമയച്ച് ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് വ്യാപകം.നഷ്ടപ്പെട്ട പണം സൈബര്‍ പോലിസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ഉടമസ്ഥര്‍ക്ക് തിരിച്ചു കിട്ടി. കെവൈസി യുടെ പേരുപറഞ്ഞ് അയച്ച വ്യജസന്ദേശം വിശ്വസിച്ച എടത്തല പുക്കാട്ടുപടി സ്വദേശിയായ അറുപതുകാരന് അക്കൗണ്ടിലുണ്ടായിരുന്ന 74,498 രൂപയാണ് നഷ്ടപ്പെട്ടത്. ബിഎസ്എന്‍എല്‍ കണക്ഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സിം കാര്‍ഡിന്റെ കെവൈസി യുടെ കാലാവധി കഴിഞ്ഞെന്നും ഉടന്‍ പുതുക്കിയില്ലെങ്കില്‍ സേവനം അവാസാനിക്കുമെന്നും പറഞ്ഞാണ് മൊബൈലില്‍ മെസേജ് വന്നത്.ബന്ധപ്പെടാന്‍ പറഞ്ഞ മൊബൈല്‍ നമ്പറില്‍ ഇദ്ദേഹം വിളിച്ചു. ഒരു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സംഘം നിര്‍ദ്ദേശിച്ചു.

ബിഎസ്എന്‍എല്‍ ലിലേതുമായി സാദൃശ്യമുള്ളതായിരുന്നു ആപ്പ്. ഇത് ഡൗണ്‍ ലോഡ് ചെയ്തതിനു ശേഷം അതുവഴി പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു. എല്ലാം ചെയ്തു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ള തുക മുഴുവന്‍ തട്ടിപ്പുസംഘം തൂത്തു പെറുക്കി കൊണ്ടുപോവുകയായിരുന്നു.താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ഇദ്ദേഹം ഉടനെ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്പി.യുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തുക പോയിരിക്കുന്നത് ഒണ്‍ലൈന്‍ ഗെയിം കളിക്കുന്ന അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഗെയിമിന്റെ ലീഗല്‍ സെല്ലുമായി പോലിസ് ബന്ധപ്പെടുകയും തുടര്‍ന്ന് പണം ഉടമസ്ഥന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.

ഒഎല്‍എക്‌സില്‍ കാമറ വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട ആലുവ യുസി കോളജ് പ്രദേശവാസിയായ യുവാവിന് 25,000 രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തില്‍ ഉണ്ടായിരുന്ന നമ്പറുമായി യുവാവ് ബന്ധപ്പെട്ടു. ആര്‍മി ഉദ്യോഗസ്ഥനാണ് നെടുമ്പാശേരി എയര്‍ പോര്‍ട്ടിലാണ് ജോലിയെന്നും ഇപ്പോള്‍ ആലുവയിലുണ്ടെന്നും എന്നും പരസ്യം നല്‍കിയ ആള്‍ പറഞ്ഞു. പണത്തിന് അത്യാവശ്യമായതു കൊണ്ടാണ് വിലകൂടിയ കാമറ  അറുപതിനായിരം രൂപയ്ക്ക് വില്‍ക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് 25,000 രൂപ അക്കൗണ്ട് വഴി അഡ്വാന്‍സും നല്‍കി. പിന്നീട് ഫോണ്‍ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് യുവാവ് എസ്പി യ്ക്ക്പരാതിനല്‍കിയത്.സൈബര്‍ പോലിസ് സ്‌റ്റേഷന്‍ ടീം ഉടനെ ഇടപെട്ട് പണം കൈമാറിയ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

ഒണ്‍ലൈന്‍ ഇടപാടുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ പണം നഷ്ടമാകുമെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു. ഇത്തരം സന്ദേശങ്ങളും, പരസ്യങ്ങളും യഥാര്‍ഥത്തിലുള്ളതാണോ എന്ന് ഉറപ്പുവരുത്തുക. ആപ്പുകള്‍ സൂക്ഷിച്ച് ഡൗണ്‍ലോഡ് ചെയ്യണമെന്നും എസ്പി പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എംബി ലത്തീഫ്, എസ്‌ഐ സി കൃഷ്ണകുമാര്‍, സിപിഒ മാരായ പി എസ് ഐനീഷ്, ജെറി കുര്യാക്കോസ്, സി ഐ ഷിറാസ് അമീന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Tags:    

Similar News