ഉച്ചഭാഷിണി ഉപയോഗം: ബെംഗളൂരുവിലെ 16 മസ്ജിദുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി
ശബ്ദ മലിനീകരണം ആരോപിച്ച് തനിസാന്ദ്ര റോഡിലെ ഐക്കണ്‍ അപ്പാര്‍ട്ട്‌മെന്റിലെ 32 താമസക്കാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്
ബെംഗളൂരു: ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ 16 പള്ളിക്കമ്മിറ്റികളോട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. ശബ്ദ മലിനീകരണം ആരോപിച്ച് തനിസാന്ദ്ര റോഡിലെ ഐക്കണ്‍ അപ്പാര്‍ട്ട്‌മെന്റിലെ 32 താമസക്കാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതി വാങ്ങിയതായി വിചാരണക്കിടെ പള്ളികളുടെ മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചു. ശബ്ദ മലിനീകരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പള്ളി കമ്മിറ്റികള്‍ കോടതി മുമ്പാകെ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എഎസ് ഓകയും ജസ്റ്റിസ് സഞ്ജയ് ഗൗഡയും അടങ്ങിയ ഡിവിഷണല്‍ ബെഞ്ച് ആവശ്യപ്പെട്ടു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അവര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നും ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ അവര്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.