ബംഗളൂരു കലാപക്കേസ്: യുഎപിഎ ചുമത്തി തുറങ്കിലടച്ച 115 പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സമയം നീട്ടി നല്‍കി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച പ്രത്യേക എന്‍ഐഎ കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

Update: 2021-06-18 05:32 GMT

ബംഗളൂരു: 2020 ആഗസ്തിലെ ബാംഗ്ലൂര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായ 115 പേര്‍ക്ക് സിആര്‍പിസി സെക്ഷന്‍ 167 (2) പ്രകാരം കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സമയം നീട്ടി നല്‍കി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച പ്രത്യേക എന്‍ഐഎ കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹരജി അനുവദിച്ച് കൊണ്ടുള്ള 2020 നവംബര്‍ 3ലെ ഉത്തരവും ജാമ്യം തേടി പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള 05.01.2021ലെ ബാംഗ്ലൂരിലെ പ്രത്യേക എന്‍ഐഎ കോടതി വിധിയും റദ്ദാക്കുന്നതായി

ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിനും ഇതേ തുകയ്ക്കുള്ള രണ്ടു ആള്‍ ജാമ്യത്തിനുമാണ് പ്രതികള്‍ക്ക് ജാമ്യമനുവദിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ പ്രാധാന്യവും ലക്ഷ്യവും ഉയര്‍ത്തിക്കാട്ടിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യമനുവദിച്ചത്.

'ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അംഗീകരിക്കപ്പെട്ട ഒരു വ്യക്തിയുടെ മൗലികാവകാശം നിയമപ്രകാരമല്ലാതെ ദുര്‍ബലപ്പെടുത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ അനന്തരവന്‍ പി നവീന്‍ മുഹമ്മദ് നബിയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 2020 ആഗസ്ത് 11ന് കിഴക്കന്‍ ബാംഗ്ലൂരിലെ ഡിജെ ഹാലി പോലിസ് സ്‌റ്റേഷന് സമീപം മുന്നൂറോളം പേര്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തിന് നേരെ പോലിസ് പ്രകോപനമേതുമില്ലാതെ ആക്രമണം അഴിച്ചുവിടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പോലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധി പോലിസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി പോലിസ് വിളിച്ചു വരുത്തിയ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെയുള്ളവരെ ആഗസ്ത് 12ന് പോലിസ് അറസ്റ്റ് ചെയ്യുകയും യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തുകയുമായിരുന്നു.

ഈ കേസില്‍, 90 ദിവസം കഴിഞ്ഞപ്പോള്‍, അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 3 ന് എന്‍ഐഎ നല്‍കിയ ഹരജി എന്‍ഐഎ പ്രത്യേക കോടതി അനുവദിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ നവംബര്‍ 11 ന് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News