ആര്‍എസ്എസ് മതനിരപേക്ഷതയെ തകര്‍ക്കുന്നു; ഹിജാബ് വിഷയത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സിപിഎം

Update: 2022-02-06 07:11 GMT
ആര്‍എസ്എസ് മതനിരപേക്ഷതയെ തകര്‍ക്കുന്നു; ഹിജാബ് വിഷയത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സിപിഎം

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ഉഡുപ്പിയില്‍ ചില കോളജുകളില്‍ ഹിജാബ് നിരോധിച്ച സംഭവത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സിപിഎം. ആര്‍എസ്എസ് മതനിരപേക്ഷ ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തടയുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി ആര്‍എസ്എസ്സിന്റെ ഫാഷിസിസ്റ്റ്-ഹിന്ദുത്വ അജണ്ട അക്രമണാസക്തമായി പിന്തുടരുകയാണ്. ഒരാള്‍ എന്ത് ധരിക്കണം എന്നത് കോളജ് അധികൃതര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഇത് അടിസ്ഥാന ഭരണഘടനാ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് യെച്ചൂരി പറഞ്ഞു. ഈ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മുസ് ലിം മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.

ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുത്വ രാഷ്ട്ര അജണ്ട ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കുകയും ഭരണഘടനാ ചട്ടക്കൂടിനെ വിനാശകരമായി ഇല്ലാതാക്കുകയും ചെയ്യും. 2022 ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന 23ാം കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയം പ്രകാശനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഹിജാബ് നിരോധനം ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജുകളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്'. സിദ്ധരാമയ്യ ബാംഗ്ലൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഹിജാബിന്റെ പേരിലുള്ള വിവാദം ആരംഭിച്ചിട്ട് ഒരുമാസത്തിലധികമായി. പ്രശ്‌നം കൂടുതല്‍ വഷളാവാന്‍ കാരണം ബിജെപി സര്‍ക്കാരിന്റെ നിലപാടുകളാണ്. ഹിജാബ് വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്'. സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഫെബ്രുവരി എട്ടിന് കര്‍ണാടക ഹൈക്കോടതി ഹിജാബ് കേസില്‍ വിധി പറയും.

Tags:    

Similar News