ഹൈന്ദവ ദേവിയെ അപമാനിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; ഹിന്ദു യുവാവ് അറസ്റ്റില്‍
കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാജപേട്ട താലൂക്കിലെ പഴങ്കാല കെടമല്ലൂരു സ്വദേശി കെ ദിവിന്‍ ദേവയ്യയാണ് പോലിസ് പിടിയിലായത്.
ബംഗളൂരു: കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡിയുണ്ടാക്കി ഹിന്ദു ദേവതയെ അപമാനിച്ച കേസില്‍ സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദു യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാജപേട്ട താലൂക്കിലെ പഴങ്കാല കെടമല്ലൂരു സ്വദേശി കെ ദിവിന്‍ ദേവയ്യയാണ് പോലിസ് പിടിയിലായത്.
പരസ്പരം സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന കുടക് ജില്ലയിലെ കുടവര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിള്ളലുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ വ്യാജ ഐഡിയുണ്ടാക്കി കൊടവ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കാവേരി ദേവിയ്‌ക്കെതിരേ ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിടുകയായിരുന്നു. കൊടവ സമുദായത്തിലെ സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇയാള്‍ നേരത്തെ ഈ വ്യാജ പ്രൊഫൈല്‍ വഴി പങ്കുവെച്ചിരുന്നു.
പോസ്റ്റില്‍ രോഷാകുലരായ കൊടവ സമുദായാംഗങ്ങള്‍ പോലിസില്‍ പരാതിപ്പെടുകയും പോസ്റ്ററിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ജൂലൈ 29 ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 505 വകുപ്പുകള്‍ പ്രകാരമാണ് ദേവയ്യക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ കൊടവ ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുസ്‌ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കുടക് പോലിസ് സൂപ്രണ്ട് എംഎ അയ്യപ്പയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയും കൊടവ സമുദായത്തില്‍ തന്നെയുള്ള യഥാര്‍ത്ഥ പ്രതി ദിവിന്‍ ദേവയ്യയെ പിടികൂടുകയുമായിരുന്നു.