കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് എച്ച് എന്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് വിട്ടു
ബംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രി ചന്ദ്രു എന്നറിയപ്പെടുന്ന എച്ച് എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് ശനിയാഴ്ച സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് നല്‍കി. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ 'വിശാല ചരിത്ര പശ്ചാത്തലമുള്ള കോണ്‍ഗ്രസില്‍' ചേര്‍ന്നതെന്ന് അദ്ദഹം രാജിക്കത്തില്‍ പറഞ്ഞു.
രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാജി. എന്നാല്‍, ഇതു സംബന്ധിച്ച് പരസ്യപ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. 'ഞാന്‍ എന്റെ കര്‍ത്തവ്യം ആത്മാര്‍ഥമായി നിര്‍വഹിച്ചതില്‍ തൃപ്തനാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. എന്നെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്ത പാര്‍ട്ടിയിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു,- അദ്ദേഹം പറഞ്ഞു.
ചന്ദ്രു രാജ്യസഭാ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നതായും നിരസിച്ചതിനെ തുടര്‍ന്ന് പിരിയാന്‍ തീരുമാനിച്ചതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഒട്ടനവധി നാടകങ്ങളിലും സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നേതാവിന് ചില നാടകങ്ങളിലെ മുഖ്യമന്ത്രി വേഷത്തിന്റെ പേരിലാണ് 'മുഖ്യമന്ത്രി ചന്ദ്രു' എന്ന പേര് ലഭിച്ചത്.
1985ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ഗൗരിബിദാനൂരില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ചന്ദ്രു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് 1998 മുതല്‍ 2004 വരെ എംഎല്‍സിയായി. 2013 വരെ കന്നഡ വികസന അതോറിറ്റി ചെയര്‍പേഴ്‌സനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം 2014ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.