എസ്എസ്എല്‍സി പരീക്ഷ: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ ഇന്‍വിജിലേറ്ററെ സസ്‌പെന്റ് ചെയ്തു

Update: 2022-03-29 06:06 GMT

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യദിനം ഹിജാബ് ധരിച്ചെത്തിയ ഇന്‍വിജിലേറ്ററെ സസ്‌പെന്റ് ചെയ്തു. കെഎസ്ടിവി ഹൈസ്‌കൂളിലായിരുന്നു സംഭവം. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂര്‍ ഫാത്തിമ ഹിജാബ് ധരിച്ചാണെത്തിയത്. ഇത് അഴിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നൂര്‍ ഫാത്തിമ ഇതിന് തയ്യാറായില്ല. ഇതെത്തുടര്‍ന്ന് ഇവരെ പരീക്ഷാ കേന്ദ്രത്തില്‍നിന്ന് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സസ്‌പെന്റ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചത്. ബാഗല്‍കോട്ട് ജില്ലയിലെ ഇലയ്ക്കല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനി പരീക്ഷയെഴുതാനെത്തി.

ഹിജാബ് അഴിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഹിജാബ് ഒഴിവാക്കി പരീക്ഷയെഴുതുകയായിരുന്നു. ബെലഗാവി എംഎല്‍എ അനില്‍ ബെനകെ ഹിജാബും ബുര്‍ഖയും ധരിച്ച് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളെ പൂക്കള്‍ അര്‍പ്പിച്ച് സ്വീകരിച്ചു. പിന്നീട് ഈ വിദ്യാര്‍ഥികള്‍ ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റി പരീക്ഷാ ഹാളില്‍ ഹാജരായി. പരീക്ഷയുടെ ആദ്യദിനം സമാധാനപരമായിരുന്നുവെന്നും ഭൂരിഭാഗം വിദ്യാര്‍ഥികളും യൂനിഫോമില്‍ പരീക്ഷയെഴുതിയതായും അധികൃതര്‍ അറിയിച്ചു. ചിലരെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ തിരിച്ചയച്ചു. അതേസമയം, കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനിടെ 20,994 വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപോര്‍ട്ട് ചെയ്തു.

ഒന്നാം ദിവസം, ഒന്നാം ഭാഷയ്ക്കുള്ള (പ്രധാനമായും കന്നഡ) പരീക്ഷ നടന്നു, സംസ്ഥാനത്തുടനീളമുള്ള 3,444 കേന്ദ്രങ്ങളിലായി 8,48,405 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 97.59 ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോഴും 8,69,399 വിദ്യാര്‍ഥികളില്‍ 20,994 പേര്‍ ഹാജരായില്ല. കഴിഞ്ഞ അധ്യയന വര്‍ഷം 8,19,398 വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് എന്റോള്‍ ചെയ്തപ്പോള്‍, ആദ്യ പരീക്ഷാ ദിവസം ഹാജരാകാത്തവരുടെ എണ്ണം 3,769 ആയിരുന്നു. ആദ്യദിനം പരീക്ഷയെഴുതുന്നതില്‍ ക്രമക്കേട് കാട്ടിയ ആറ് വിദ്യാര്‍ഥികളെ പിടികൂടി. മറ്റ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 6 വ്യാജ വിദ്യാര്‍ഥിനികളെയാണ് പിടികൂടിയത്.

ബെലഗാവി ജില്ലയിലെ ചിക്കോഡി നഗരത്തിലാണ് സംഭവം. പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. മൈസൂരു ജില്ലയിലെ ടി നരസിപൂര്‍ സെന്ററില്‍ പരീക്ഷ എഴുതുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി അനുശ്രീ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. ഈ അധ്യയന വര്‍ഷം 8,73,846 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,52,732 ആണ്‍കുട്ടികളും 4,21,110 പെണ്‍കുട്ടികളുമാണ്.

മൂന്നാം ലിംഗത്തില്‍പ്പെട്ട നാല് വിദ്യാര്‍ഥികളും പ്രത്യേക കഴിവുള്ള 5,307 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 3,444 പരീക്ഷാ കേന്ദ്രങ്ങളിലും നിരോധനാജ്ഞ കര്‍ശനമാക്കിയിട്ടുണ്ട്. സംഘര്‍ഷവും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കര്‍ശനമായ പോലിസ് സുരക്ഷയെ വിന്യസിച്ചു. 60,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പരീക്ഷയ്ക്ക് നിരീക്ഷകരായുണ്ടായിരുന്നത്.

Tags:    

Similar News