കര്‍ണാടക: നിര്‍ണായക നിയമസഭാ സമ്മേളനത്തിന് ഇന്നുതുടക്കം
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
ബംഗളൂരു: കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കെ നിര്‍ണായകമായ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്നുതുടങ്ങും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് ഇന്നത്തെ പ്രധാന അജണ്ട. അതിനിടെ, മുംബൈയില്‍ നിന്നെത്തിയ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കു നേരിട്ട് രാജിക്കത്ത് നല്‍കിയ ശേഷം തിരിച്ചുപോയത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാവും.
അതിനുപുറമെ, രാമലിംഗ റെഡ്ഢി ഉള്‍പ്പെടെ ബംഗളുരുവില്‍ തന്നെയുള്ള വിമത എംഎല്‍എമാരും ഇന്ന് സഭയിലെത്തുമോയെന്ന് കണ്ടറിയേണ്ടിവരും. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനു സഭ ചേരാനുള്ള അധികാരമില്ലെന്ന് കാണിച്ച് സഭയില്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധമുയര്‍ത്താനാണു സാധ്യത. തിങ്കളാഴ്ചയാണ് സഭയില്‍ ധനകാര്യ ബില്ല് മേശപ്പുറത്ത് വയ്ക്കുക. അങ്ങനെയെങ്കില്‍ ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെടാനാണു സാധ്യത. ഇതോടെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സര്‍ക്കാരിനു കനത്ത വെല്ലുവിളിയാവും. അതിനിടെ, എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്കെതിരേ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോടതി നിര്‍ദേശപ്രകാരം വ്യാഴാഴ്ച വൈകീട്ട് ആറിനു എംഎല്‍എമാര്‍ സ്പീക്കറെ കണ്ടെങ്കിലും പൊടുന്നനെ തീരുമാനമെടുക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.