കഠ്‌വ കേസ് വിധിയെ മെഹ്ബൂബ മുഫ്തി സ്വാധീനിച്ചുവെന്നു പ്രതിഭാഗം വക്കീല്‍

Update: 2019-06-12 15:31 GMT

ശ്രീനഗര്‍: ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസുകാരിയെ ക്ഷേത്രത്തിലെത്തിച്ച് ഒരാഴ്ചയോളം തടവില്‍വച്ചു പീഡിപ്പിച്ചു കൊന്ന കേസിലെ വിധി തെറ്റെന്ന് പ്രതിഭാഗം വക്കീല്‍. കേസില്‍ പഠാന്‍കോട്ട് കോടതിയുടെ വിധി മുന്‍വിധിയുടെ ഭാഗമായുണ്ടായതാണെന്നും ശരിയായ വിധിയല്ലെന്നും പ്രതിഭാഗം അഭിഭാഷകനായ അങ്കുര്‍ ശര്‍മ പറഞ്ഞു. മുസ്‌ലിമായ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടക്കം കേസിനെ സ്വാധീനിച്ചാണ് ഇത്തരമൊരു വിധി നേടിയെടുത്തതെന്നും ശര്‍മ പറഞ്ഞു.

എട്ടു വയസുകാരിയെ ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ചു കൊന്നത് ജിഹാദികളാണെന്നു നേരത്തെ പ്രസ്താവന നടത്തിയ വ്യക്തിയാണ് അങ്കുര്‍ ശര്‍മ.

കേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയെ ബന്ധിച്ച് ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ ക്ഷേത്രത്തിലെ പൂജാരിയുയമായ സന്‍ജി റാം ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവും മറ്റു മൂന്നു പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്.

മാധ്യമവാര്‍ത്തകളുടെ പ്രചാരണം മൂലമുണ്ടായ മുന്‍വിധിയുടെ ഭാഗമായിരുന്നു കോടതി വിധിയെന്നു ശര്‍മ പറഞ്ഞു. കോടതി വിധി തീര്‍ത്തും നിരാശാ ജനകമാണ്. മുന്‍വിധ സ്വാധീനിച്ച വിധിയാണിത്. വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവും. മാധ്യമവാര്‍ത്തകളാണ് വിധിയെ സ്വാധീനിച്ചത്. മുഖ്യപ്രതി സാന്‍ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്രയെ കോടതി തെളിവില്ലെന്നു കണ്ട് വിട്ടയച്ചു. എന്നാല്‍ മറ്റു പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഇത് വിരോധാഭാസമാണ്.

മുസ്‌ലിമായ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി കേസിന്റെ തുടക്കം മുതല്‍ കേസിനെ സ്വാധീനിച്ചു. അഭ്യന്തരം കൈകാര്യം ചെയ്യുന്ന ആളായതിനാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധിച്ചു. പോലിസിനു മെഹ്ബൂബാ മുഫ്തിയെ അനുസരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ലെന്നും ശര്‍മ പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ തനിക്കു പൂര്‍ണ വിശ്വാസമാണെന്നും ജഡ്ജിയെ അല്ല വിധിയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News