ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: പേപ്പര്‍ ബാലറ്റില്‍ കരുത്തുകാട്ടി ടിആര്‍എസും എഐഎംഐഎമ്മും; ബിജെപി പിന്നില്‍
വന്‍ താരനിരയെ അണിനിരത്തി കടുത്ത വര്‍ഗീയ പ്രചാരണവുമായി മുന്നോട്ട് പോയ ബിജെപിക്ക് അടിതെറ്റുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ രണ്ടാംഘട്ടത്തില്‍ ദൃശ്യമായത്.
ഹൈദരാബാദ്: ഹെദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിന് മുന്‍തൂക്കം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം രണ്ടാംസ്ഥാനത്തുണ്ട്. വന്‍ താരനിരയെ അണിനിരത്തി കടുത്ത വര്‍ഗീയ പ്രചാരണവുമായി മുന്നോട്ട് പോയ ബിജെപിക്ക് അടിതെറ്റുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ രണ്ടാംഘട്ടത്തില്‍ ദൃശ്യമായത്.
പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതോടെ ബിജെപി പിന്നാക്കം പോവുകയായിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 57 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. 30 സീറ്റുകളില്‍ ലീഡ് നേടി അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം രണ്ടാംസ്ഥാനത്താണ്.
ബിജെപി 28 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പേപ്പര്‍ ബാലറ്റ് ആയതിനാല്‍ ഫലം രാത്രിയോടെ മാത്രമേ അറിയാനാകു. സംസ്ഥാന രൂപീകരണം മുതല്‍ തുടരുന്ന ടിആര്‍എസ് മേധാവിത്വം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായത്.
ആകെയുള്ള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്-ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം 51 സീറ്റുകളില്‍ മല്‍സരിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണം നടത്തിയ ഇവിടെ 46.55 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മൊത്തം 74.67 ലക്ഷം വോട്ടര്‍മാരില്‍ നിന്ന് 34.50 ലക്ഷം പേര്‍ വോട്ടുചെയ്തു.