പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറി; യുഡിഎഫ് ജയിച്ചത് തനിക്കെതിരെ വ്യക്തിഹത്യയും കള്ളപ്രചാരണവും നടത്തി: ജോസ് കെ മാണി
എല്‍ഡിഎഫ് മന്ത്രിസഭയില്‍ എത്ര മന്ത്രിസ്ഥാനം വേണമെന്നതൊക്കെ ചര്‍ച്ച ചെയ്തു മാത്രമെ തീരുമാനിക്കാന്‍ കഴിയു.കേരള കോണ്‍ഗ്രസ്(എം)ന് അര്‍ഹമായത് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ജോസ് കെ മാണി
പാലാ: സംസ്ഥാനത്തെ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി പാലാ മാറിയെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ജോസ് കെ മാണി.പാലായിലെ പരാജയത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പില്‍ പാലായില്‍ എതിര്‍ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്തത് ഗൗരവമുള്ള രാഷ്ട്രീയ കാരങ്ങളായിരുന്നില്ല.മറിച്ച് പൂര്‍ണ്ണമായും വ്യക്തിഹത്യയും കള്ളപ്രചരണങ്ങളുമായിരുന്നു നടത്തിയത്.ഇതൂ കൂടാതെ ബിജെപിയുമായി വോട്ടുകച്ചവടവും എതിര്‍ വിഭാഗം നടത്തി. ഈ വിവരം തിരഞ്ഞെടുപ്പിനു ശേഷം വിളിച്ചു ചേര്‍ച്ച പാര്‍ട്ടി നേതൃയോഗത്തില്‍ താന്‍ നേതാക്കളുമായി സംസാരിച്ചിരുന്നു.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 26,000ത്തോളം വോട്ടുകള്‍ ബിജെപിക്കു ലഭിച്ചു.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ 24,000ല്‍പ്പരം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഇത്തവണം വെറും 10,466 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.ഇതിനര്‍ഥം കൃത്യമായി എതിര്‍വിഭാഗവുമായി വോട്ടു കച്ചവടം നടത്തിയെന്നാണ് വ്യക്തമാകുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്നാണ് എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിലുടെയും അതില്‍ കേരള കോണ്‍ഗ്രസ്(എം)ന്റെയും പങ്ക് വ്യക്തമാക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ്(എം) മല്‍സരിച്ച സീറ്റുകള്‍ എല്ലാം യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലായിരുന്നു.കേരള കോണ്‍ഗ്രസ്(എം) രാഷ്ട്രീയ നിലപാട് എടുത്തതിനു ശേഷം ചുരുങ്ങിയ സമയം മാത്രമാണ് ജനങ്ങളെ കാര്യം ബോധ്യപ്പെടുത്താന്‍ ലഭിച്ചത്. എല്‍ഡിഎഫ് ഒറ്റക്കെട്ടായി തന്നെയാണ് പാലായിലടക്കം എല്ലായിടത്തും നേരിട്ടതെന്നും ജോസ് കെ മാണി പറഞ്ഞു.എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി നേതൃയോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യും തുടര്‍ന്ന് എല്‍ഡിഎഫുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കും.എത്ര മന്ത്രിസ്ഥാനം വേണമെന്നതൊക്കെ ചര്‍ച്ച ചെയ്തു മാത്രമെ തീരുമാനിക്കാന്‍ കഴിയു. ഇപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല.കേരള കോണ്‍ഗ്രസ്(എം)ന് അര്‍ഹമായത് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു