അഞ്ചിടത്തും പോളിങ് കുറഞ്ഞു; മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്
പോളിങ് ശതമാനത്തില്‍(2016ലും 2019ലും) മഞ്ചേശ്വരം-75.82-76.19, കോന്നി-70.07-73.19, അരൂര്‍-80.47-85.43, വട്ടിയൂര്‍ക്കാവ്-62.66-70.03, എറണാകുളം-57.89-71.60
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോളിങിലുണ്ടായ കുറവ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. ചിലയിടങ്ങളില്‍ കനത്ത മഴയാണ് കാരണമെങ്കില്‍ മറ്റിടങ്ങളിലെ കാരണങ്ങള്‍ എന്താണെന്ന് തലപുകയുകയാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പും താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മണ്ഡലത്തിലും ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും 2016ലെ പോളിങിനോട് ഏതാണ്ട് അടുത്തെത്തിയപ്പോള്‍ അരൂരിലും വട്ടിയൂര്‍ക്കാവിലും അഞ്ചുമുതല്‍ എട്ട് ശതമാനം വരെയാണ് പോളിങ് കുറഞ്ഞത്. എന്നാല്‍, യുഡിഎഫിന്റെ സിറ്റിങ് സീറ്റായ എറണാകുളത്തെ വോട്ടുനില ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
2016ല്‍ 71.72% ആയിരുന്നു എറണാകുളത്തെ പോളിങെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 73.29ലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് 57.89 ശതമാനം പേര്‍ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2016ല്‍ നിന്ന് 14 ശതമാനവും ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 16 ശതമാനവുമാണ് വോട്ട്കുറഞ്ഞത്. എറണാകുളത്ത് ഇക്കുറി കനത്ത മഴയാണ് വോട്ടര്‍മാരെ പിന്തിരിപ്പിച്ചതെന്ന് പറയാമെങ്കിലും ഇത്രയേറെ വോട്ട് കുറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഒലിച്ചുപോയത് ആരുടെ വിജയമാണെന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ മാത്രമേ അറിയാനാവൂ.
അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് അരൂരിലാണ്-80.47%. ആകെയുള്ള 1,91,898 പേരില്‍ 1,53,634 വോട്ടര്‍മാര്‍ ബൂത്തിലെത്തി. മഞ്ചേശ്വരത്ത് ആകെയുള്ള 2,14,779 വോട്ടര്‍മാരില്‍ 1,59,844 പേര്‍ പോളിങ് ബൂത്തിലെത്തിയെന്നാണു കണക്ക്. കോന്നിയിലാവട്ടെ ആകെയുള്ള 1,97,956 വോട്ടര്‍മാരില്‍ 1,28,646 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വട്ടിയൂര്‍ക്കാവില്‍ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്യാനെത്തിയത്. എറണാകുളത്ത് പലയിടത്തും ബൂത്തുകളില്‍ വെള്ളം കയറുകയും വൈകീട്ട് വരെ ശക്തമായ മഴ തുടരുകയും ചെയ്തതാണ് തിരിച്ചടിയായത്. മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഗതാഗതം തടസ്സപ്പെടുകയും ചിലയിടത്തെങ്കിലും വോട്ടര്‍മാര്‍ പ്രതിഷേധിച്ച് പിന്‍മാറുകയും ചെയ്തതായി റിപോര്‍ട്ടുകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ക്ഷീണം മാറുംമുമ്പ് മറ്റൊരു തിരഞ്ഞെടുപ്പ് വന്നതാണ് വോട്ടര്‍മാരെ അകറ്റിയതെന്ന് വിലയിരുത്തുന്നവരുമുണ്ട്. മഞ്ചേശ്വരത്ത് മാത്രമാണ് ഇക്കുറി കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. ഒരു യുവതിയെ അറസ്റ്റ് ചെയ്യുകയും മറ്റൊരു യുവതി ഇരട്ടവോട്ട് ചെയ്‌തെന്നുമാണ് ആരോപണം. ഇവിടെ യുഡിഎഫ് ചില ബൂത്തുകളില്‍ റീപോളിങും ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിങ്ങങിലെ കുറവുകള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഉള്ളിലെ നെഞ്ചിടിപ്പ് പുറത്തറിയിക്കാതെ അവകാശവാദങ്ങളുമായി വോട്ടെണ്ണല്‍ ദിനം വരെ കഴിയാം.