എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി എം ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും കോട്ടയം വടവത്തൂര്‍ സ്വദേശി ആക്വിബ് നവാസ് മൂന്നും റാങ്കും കരസ്ഥമാക്കി.

Update: 2019-06-10 08:32 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്ക്), ഫാര്‍മസി (ബിഫാം) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി എം ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും കോട്ടയം വടവത്തൂര്‍ സ്വദേശി ആക്വിബ് നവാസ് മൂന്നും റാങ്കും കരസ്ഥമാക്കി. ആദ്യ 1,000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

ഇന്ന് ഉച്ചയ്ക്ക് സെക്രട്ടേറിയറ്റ് പിആര്‍ ചേംബറില്‍ മന്ത്രി ഡോ. കെ ടി ജലീലാണ് റാങ്ക് പ്രഖ്യാപനം നിര്‍വഹിച്ചത്. അടുത്ത വര്‍ഷം മുതല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ പൂര്‍ണമായും ഓള്‍ലൈനായി നടത്താന്‍ സംവിധാനമൊരുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന റാങ്ക് പട്ടിക നാഷനല്‍ ഓപണ്‍ സ്‌കൂളിന്റെ പ്ലസ്ടു ഫലം വൈകിയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മെയ് രണ്ട്, മൂന്ന് തിയ്യതികളിലായി നടത്തിയ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്‌കോര്‍ മെയ് 21ന് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 73,437 പേരില്‍ 51,665 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. ഇതില്‍ 45,597 വിദ്യാര്‍ഥികള്‍ അവരുടെ രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.

പ്ലസ്ടു/ തത്തുല്യ പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിലെ മാര്‍ക്കും പ്രവേശന പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചുള്ള സമീകരണ പ്രക്രിയക്കുശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. 56,307 പേര്‍ ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയതില്‍ 39,908 പേരാണ് യോഗ്യത നേടിയത്. നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചറില്‍ (നാറ്റ) ലഭിച്ച സ്‌കോറും പ്ലസ്ടു/ തത്തുല്യ പരീക്ഷയിലെ മാര്‍ക്കും ചേര്‍ത്താണ് ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക തയ്യാറാക്കിയത്. 

Tags:    

Similar News