സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും: പിണറായി വിജയന്‍
കൊച്ചി: വാണിജ്യ, സേവന മേഖലകളില്‍ പുതിയ സംരംഭങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തില്‍ ഉല്‍പ്പാദനമേഖലയിലും സമാനമായ വളര്‍ച്ച കൈവരിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായിക രംഗത്തെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നിരന്തര പിന്തുണയുമായി നിലകൊള്ളുന്ന കെ. എസ്. എസ്. എസ്. ഐയെ അഭിനന്ദിച്ച മന്ത്രി പി. രാജീവ്, കാക്കനാടുള്ള കിന്‍ഫ്ര അന്താരാഷ്ട്ര എക്സിബിഷന്‍ സെന്ററിന് സമീപം പുതിയൊരു കണ്‍വെന്‍ഷന്‍ സെന്റര്‍ കൂടി സ്ഥാപിക്കുമെന്ന് വേദിയില്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്നൂറോളം കമ്പനികള്‍, വ്യവസായപ്രമുഖര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.