എലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല്‍ ആസ്വദിച്ച് എലികള്‍ (വീഡിയോ)

Update: 2024-12-15 11:03 GMT

റിച്ച്മണ്ട് (യുഎസ്എ): എലികളെ കുഞ്ഞിക്കാറുകള്‍ ഓടിക്കാന്‍ പഠിപ്പിച്ച് ഗവേഷകര്‍. വണ്ടിയോടിക്കുന്നത് എലികള്‍ ആസ്വദിക്കുന്നതായും അവരുടെ ശുഭാപ്തി വിശ്വാസം വര്‍ധിച്ചതായും യുഎസിലെ റിച്ച്മണ്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. വണ്ടി ഒന്നു ഓടിക്കാന്‍ കിട്ടാന്‍ തന്റെ ലാബിലെ എലികള്‍ കാത്തിരിക്കുകയാണെന്ന് റിച്ച്മണ്ട് സര്‍വകലാശാലയിലെ ഗവേഷകയായ കെല്ലി ലാമ്പെര്‍ട്ട് പറഞ്ഞു.

യുഎസിലെ വിര്‍ജീനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് 2019ല്‍ ആദ്യമായി എലികളെ ഡ്രൈവിങ് വീലിന് പുറകില്‍ എത്തിച്ചത്. പ്ലാസ്റ്റിക് പെട്ടികള്‍ കൊണ്ടുണ്ടാക്കിയ കുഞ്ഞിക്കാറുകളാണ് ഈ എലികള്‍ക്ക് നല്‍കിയിരുന്നത്. ആക്‌സിലേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന ചെറിയ വയറ് കഷണവും കാലു വെക്കാന്‍ നല്‍കി. ഓരോ തവണ കാല്‍വക്കുമ്പോളും അല്‍പ്പം ധാന്യം സമ്മാനമായി നല്‍കി.

അതേസമയത്ത് തന്നെ റിച്ച്മണ്ട് സര്‍വകലാശാലയിലും പഠനം നടക്കുന്നുണ്ടായിരുന്നു. ഡ്രൈവിങ് പഠിപ്പിക്കുന്നതില്‍ മാത്രം പഠനം ചുരുങ്ങരുതെന്നായിരുന്നു കെല്ലി ലാമ്പെര്‍ട്ടിന്റെ നിലപാട്. എലികളുടെ മാനസികാവസ്ഥ പരിശോധിക്കണമെന്നും അവര്‍ തീരുമാനിച്ചു.



സുഹൃത്തുക്കളായ എലികളും കളിപ്പാട്ടങ്ങളും ഉള്ള അന്തരീക്ഷത്തില്‍ എലികള്‍ വേഗം ഡ്രൈവിങ് പഠിക്കുമെന്ന് കെല്ലി ലാമ്പെര്‍ട്ട് പറയുന്നു. എലികള്‍ കരണ്ടു നശിപ്പിക്കാതിരിക്കാന്‍ പ്രത്യേക വയറുകളാണ് പുതുതായി വികസിപ്പിച്ച കാറില്‍ ഉപയോഗിക്കുന്നത്. ടയറുകളും എലികള്‍ക്ക് കടിക്കാന്‍ പാകത്തിലുള്ളതല്ല. കൂടാതെ വണ്ടി നിയന്ത്രിക്കാന്‍ പ്രത്യേക ലിവറുകളുമുണ്ട്.

കാര്‍ കാണുമ്പോള്‍ തന്നെ എലികള്‍ ഓടിവന്നു എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത സംഭവങ്ങളുമുണ്ടായെന്ന് കെല്ലി ലാമ്പെര്‍ട്ട് പറയുന്നു. ഭക്ഷണത്തിനോടുള്ള കൊതിയായിരിക്കും കാരണമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. തുടര്‍ന്ന്, മറ്റൊരു പരീക്ഷണം നടത്തി. കുറച്ചു ധാന്യങ്ങള്‍ അല്‍പ്പം അകലെ വച്ചതിന് ശേഷം ഏതാനും മീറ്ററുകള്‍ അകലെ മൂന്നുകാറുകള്‍ വച്ചു. രണ്ട് എലികള്‍ നേരെ കാറില്‍ കയറി ധാന്യം വച്ചിടത്തേക്ക് പോയി. ഒരു എലി നടന്നാണ് പോയത്. പിന്നീട് നടത്തിയ നിരവധി പരീക്ഷണങ്ങളിലും 95 ശതമാനം എലികളും വണ്ടിയോടിച്ച് പോയി ധാന്യം എടുക്കാനാണ് ശ്രമിച്ചത്. ഭക്ഷണത്തിന് പുറമെ കാര്‍ ഓടിക്കാനും അവക്ക് ഇഷ്ടമുണ്ടെന്നതിന്റെ സൂചനയാണിതെന്ന് കെല്ലി പറയുന്നു.

അതിന് ശേഷം എലികളുടെ മാനസികാവസ്ഥ പരിശോധിക്കാന്‍ മസ്തിഷ്‌കത്തിലെ രാസമാറ്റങ്ങള്‍ പരിശോധിച്ചു. സഹഗവേഷകയായ കിറ്റി ഹാര്‍വിഗ്‌സന്‍ തയ്യാറാക്കിയ പ്രത്യേക സ്‌കാനറാണ് ഇതിനായി ഉപയോഗിച്ചത്. ഭക്ഷണം കാണുമ്പോള്‍ എലികള്‍ക്ക് സന്തോഷമുണ്ടാവുന്നുണ്ടെന്നാണ് സ്‌കാനിങ് റിസള്‍ട്ടുകള്‍ പറയുന്നത്. കാര്‍ കൂടി കാണുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. കാര്‍ കാണുമ്പോള്‍ തന്നെ എലികള്‍ വാല്‍ കുടപോലെ മടക്കിവക്കുന്നതും ശ്രദ്ധയില്‍ പെട്ടു. പോസിറ്റീവായ ജീവിത അനുഭവം ഉണ്ടാവുന്ന സമയത്താണ് എലികള്‍ അങ്ങനെ ചെയ്യുകയത്രെ.

യാത്ര പ്രതീക്ഷിക്കുന്നതും ആസൂത്രണം ചെയ്യുന്നതും ആസ്വദിക്കുന്നതും ആരോഗ്യമുള്ള മനസിന്റെ ലക്ഷണമാണെന്നും അതാണ് താന്‍ എലികളില്‍ നിന്ന് പഠിച്ചതെന്നും കെല്ലി ലാമ്പെര്‍ട്ട് പറഞ്ഞു.


Full View


Similar News