തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുകയാണ്

Update: 2022-05-18 08:48 GMT

തിരുവനന്തപുരം:സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. 24 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.12 സീറ്റില്‍ യുഡിഎഫും ആറ് സീറ്റുകളില്‍ ബിജെപിയും വിജയിച്ചു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് ഉള്ള ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുകയാണ്. തൃപ്പൂണിത്തറ നഗരസഭയിലെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു.ഇതോയുകൂടി കേവല ഭൂരിപക്ഷം എല്‍ഡിഎഫിന് നഷ്ടമായി. പക്ഷേ ഭരണം നഷ്ടമായിട്ടില്ല.

അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഹുസൈന്‍ 25 വോട്ടുകള്‍ക്ക് വിജയിച്ചു. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഒ ബാബു 139 വോട്ടിന് വിജയിച്ചു. യുഡിഎഫ് കൗണ്‍സിലര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫിന്റെത് മികച്ച വിജയമാണ്. ഇത്തവണ ട്വന്റി20 രണ്ടാമതെത്തിയപ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.

കൊല്ലം ജില്ലയിലെ ആറു പഞ്ചായത്തു വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടത്തും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന്റെ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചു.ഇതോടെ എല്‍ഡിഎഫിന് ഒരു പഞ്ചായത്തിന്റെ ഭരണം നഷ്ടമാകും.വെളിനെല്ലൂര്‍ പഞ്ചായത്തിലെ ഒരു സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. മുളയറച്ചാല്‍ വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി വട്ടപ്പാറ നിസാറാണ് ഇവിടെ വിജയിച്ചത്. വെളിനല്ലൂര്‍ പഞ്ചായത്തിലെ 8 എല്‍ഡിഎഫ്,7 യുഡിഎഫ്, 2 ബിജെപി എന്നായിരുന്നു ഇവിടെ കക്ഷി നില. ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ സീറ്റ് നില 8 യുഡിഎഫ്,7 എല്‍ഡിഎഫ്, 2 ബിജെപി എന്നായി.

മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ രണ്ടിടത്ത് ഡഉഎ വിജയിച്ചു. വളളിക്കുന്ന് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ (പരുത്തിക്കാട്) മേലയില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എം രാധാകൃഷ്ണനാണ് 280 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന കെ വിനോദ്കുമാര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണ്. 23 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫന് 14 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. വിജയന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

പത്തനംതിട്ട ജില്ലിയിലെ മൂന്നു പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒരുവാര്‍ഡ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ാണ്് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിപിഎം സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ വൃന്ദാവനം വാര്‍ഡില്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 297 വോട്ടുകള്‍ വീതം കിട്ടി. നറുക്കെടുപ്പില്‍ സിപിഐയിലെ റോബിന്‍ എബ്രഹാം ജയിച്ചു. കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 5 വാര്‍ഡുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫും ബിജെപിയും ഓരോ വാര്‍ഡ് വീതം നേടി.കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ തെക്കെ കുന്നുമ്പ്രം എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ രമണി ടീച്ചര്‍ 37 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 91 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ 141 വോട്ട് നേടിയ ബിജെപിയുടെത് ഇത്തവണ 36 ആയി കുറഞ്ഞു. അതേ സമയം യുഡിഎഫിന്റെ വോട്ട് 295 ല്‍ നിന്ന് 420 ആയി ഉയര്‍ന്നു. കുറുമാത്തൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡായ പുല്ലാഞ്ഞിയോട് എല്‍ഡിഎഫ് നിലനിര്‍ത്തി. 645 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ വി രമ്യ വിജയിച്ചു. കഴിഞ്ഞ തവണ 400 വോട്ടായിരുന്നു ഇവിടെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം. മാങ്ങാട്ടിടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നീര്‍വേലി 19 വോട്ടിന് ബിജെപി നിലനിര്‍ത്തി. പയ്യന്നൂര്‍ നഗരസഭയിലെ ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ പി ലത ജയിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ പത്താം വാര്‍ഡായ കക്കാട് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ പി കൗലത്ത് 555 വോട്ടിന് വിജയിച്ചു.

പാലക്കാട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ കൂടല്ലൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മണികണ്ഠന്‍ 65 വോട്ടിന് വിജയിച്ചു. ബിജെപിയുടെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെര്‍പ്പുളശ്ശേരി നഗരസഭ കോട്ടക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജീഷ് കണ്ണന്‍ 419 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കോട്ടയം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 35 ആം വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ബിജെപിയിലെ സുരേഷ് ആര്‍ നായര്‍ 83 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 35 അംഗ മുനിസിപ്പാലിറ്റിയില്‍ രണ്ടു സാതന്ത്രരുള്‍പ്പെടെ 15 പേരുടെ പിന്തുണയോടെ യുഡിഎഫാണ് ഭരിക്കുന്നത്. ബിജെപിക്ക് ഏഴ് സീറ്റുകളുണ്ട്.

ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിലും യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ എം വി സുനില്‍ കുമാര്‍ 134 വോട്ടുകള്‍ക്ക് വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട് ഡിവിഷനില്‍ എല്‍ഡിഎഫിലെ കെവി അഭിലാഷ് 634 വോട്ടിന് വിജയിച്ചു. രണ്ടിടത്തും ഇടത് മുന്നണിയാണ് ഭരണത്തിലുള്ളത്.

ഇടുക്കി ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. .ഇടുക്കി അയ്യപ്പന്‍ കോവില്‍ഗ്രാമ പഞ്ചായത്ത് ചേമ്പളം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ ഷൈമോള്‍ രാജന്‍ 78 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന് 388 വോട്ടുകളും യുഡിഎഫിന് 310 വോട്ടുകളും ബിജെപിക്ക് 62 വോട്ടുകളും കിട്ടി. കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന വെള്ളാന്താനം വാര്‍ഡ് എല്‍ഡിഎഫിലെ ജിന്‍സി സാജന്‍ 231 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു.മൂന്ന് ഫലങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ഭരണത്തെ സ്വാധീനിക്കുന്നതല്ല.

തിരുവനന്തപുരത്ത് നാല് പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷീന രാജന്‍ വിജയിച്ചു. 597 വോട്ടാണ് ഭൂരിപക്ഷം.

Tags:    

Similar News