പലയിടത്തും കനത്ത മഴ; വെള്ളക്കെട്ട്; ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2024-05-23 04:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി പലയിടത്തും കനത്ത മഴ തുടരുന്നു. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് കാരണം വാഹനഗതാഗതം തടസ്സപ്പെട്ടു. അതിനിടെ, ഇന്നും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റെല്ലാജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതികളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍(38) ആണ് മരിച്ചത്. ചൂണ്ടിയിടാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

    ഇന്നലെ വൈകീട്ട് പെയ്ത മഴയില്‍ കോഴിക്കോട് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരം ഉള്‍പ്പെടെ വെള്ളക്കെട്ടിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മാതൃ ശിശുസംരക്ഷണകേന്ദ്രത്തിലും വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തിയത്. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ച് രാത്രിയോടെതന്നെ വെള്ളം പമ്പുചെയ്തുകളഞ്ഞു. കോഴിക്കോട് സായ്‌കേന്ദ്രത്തിലും വെള്ളം കയറി. പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മരങ്ങള്‍ വീടിനുമുകളിലേക്ക് വീണ് വീട് തകര്‍ന്ന് ഒരാള്‍ക്കുപരിക്കേറ്റു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുകാരണം ഗതാഗതം തടസ്സപ്പെട്ടു. വൈറ്റില, ഇടപ്പള്ളി, എസ്ആര്‍എം റോഡ്, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ലിങ്ക് റോഡ്, കലൂര്‍ ആസാദ് റോഡ്, പാലാരിവട്ടം, എംജി റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരം, കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിന് കുറവുണ്ട്. വെള്ളം ഒഴുകിപ്പോവാത്തത് കാരണം ചിലയിടങ്ങളില്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തിരുവനന്തപുരത്ത് മഴയ്ക്ക് നേരിയ ശമനമുള്ളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Tags:    

Similar News