സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 18ന് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കെജിഎംഒഎ

പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവ് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ജോലിയില്‍ നിന്നും വിട്ടുനിന്ന് സമരം ചെയ്യുന്നതെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ)മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ.പി കെ സുനില്‍, ജില്ലാ പ്രസിഡന്റ് ഡോ. സിറിള്‍ ജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ഡോ. കെ പ്രശാന്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2022-01-12 08:06 GMT

കൊച്ചി : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈമാസം 18ന് കൂട്ട അവധിയെടുത്ത് ജോലിയില്‍ നിന്നും വിട്ട് നിന്ന് പ്രതിഷേധിക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ)മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ.പി കെ സുനില്‍, ജില്ലാ പ്രസിഡന്റ് ഡോ. സിറിള്‍ ജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ഡോ. കെ പ്രശാന്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവ് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ജോലിയില്‍ നിന്നും വിട്ടുനിന്ന് സമരം ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു.റിസ്‌ക് അലവന്‍സും ആനുകൂല്യങ്ങളും നല്‍കുന്നതിനു പകരം കിട്ടിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ശമ്പളം വീണ്ടും കുറയ്ക്കുന്ന നീതി നിഷേധമായിരുന്നു കഴിഞ്ഞ ഭരണകാലത്ത് ഇറങ്ങിയ ഉത്തരവ്. ഇതിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് പല നിവേദനങ്ങളും നല്‍കിയിട്ടും തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രോഗിപരിചരണത്തെയും കൊവിഡ് പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത തരത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളമായി കെജിഎംഒഎ നിസ്സഹകരണ പ്രതിഷേധത്തിലാണ്.ഡിസംബര്‍ 8 മുതല്‍' സെക്രട്ടേറിയേറ്റിന് മുന്‍പില്‍ പ്രതീകാത്മകനില്‍പ്പ് സമരത്തിലായിരുന്നു സംഘടന. സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം ഇപ്പോള്‍ പ്രത്യക്ഷ സമരത്തിന് സംഘടനയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാന വ്യാപകമായി ഈ മാസം പതിനെട്ടിന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നും ഈ മാസം ആറിന് ആരംഭിച്ച വാഹന ജാഥ 17ന് തിരുവനന്തപുരത്ത് സമാപിക്കും. 18ന് നടക്കുന്ന സമരത്തില്‍ നിന്നും അടിയന്തര ചികില്‍സ, അത്യാഹിത വിഭാഗം,ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും കെജിഎംഒഎ ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News