തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയെ കൊന്നുതള്ളി; കൊടുംക്രൂരതയ്ക്ക് ഇരയായെന്ന് നിഗമനം
ആലുവ: ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കാടും ക്രൂരതയ്ക്ക് ഇരയായെന്ന് നിഗമനം. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കണ്ടതോടെ പ്രദേശവാസികളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്നു മനസ്സിലായത്. ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലമാണിത്. വിവരമറിഞ്ഞ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ വൈകീട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകള്‍ ചാന്ദ്‌നിയെ കാണാതായത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. സിസിടിവി പരിശോധിച്ചപ്പോഴാണ് അസം സ്വദേശിയായ അസ്ഫാക് ആലം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു വ്യക്തമായത്. രാത്രി തന്നെ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ലഹരിയിലായതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വൈകി. വിവിധ സ്ഥലങ്ങളില്‍ പോലിസ് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ സക്കീര്‍ ഹുസയ്ന്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയതായി പോലിസിനോട് പറഞ്ഞിരുന്നു. സക്കീറിനെ കണ്ടെത്താന്‍ പോലിസ് ഊര്‍ജ്ജിതാന്വേഷണം നടത്തുന്നതിനിടെയാണ് ആലുവ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്. ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍-നീത ദമ്പതികളുടെ മകളാണ് ചാന്ദ്‌നി. ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. അസ്ഫാഖ് ആലം തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മറ്റൊരാള്‍ക്ക് കൈമാറിയെന്ന മൊഴി വ്യാജമാണെന്നാണ് പോലിസ് നല്‍കുന്ന സൂചന.