ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2023-12-28 05:36 GMT

എറണാകുളം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഭര്‍ത്താവിന്റെ നീക്കം പൊളിഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കരയിലെ എരുവേലി പാണക്കാട്ട് ഷൈജു(37)വിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. കുഴഞ്ഞുവീണതാണെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷൈജു ഭാര്യ ശാരി(37)യെ ആശുപത്രിയിലെത്തിച്ചത്. മരണത്തില്‍ സംശയം തോന്നിയ പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. ഷൈജുവിന്റെ രണ്ടാംഭാര്യയായ ശാരി കിടപ്പുമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മൊഴി നല്‍കിയത്. സംഭവസ്ഥലം വിശദമായി പരിശോധിച്ച പോലിസ് സംഘം ഷൈജുവിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. 13 വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ അഞ്ചുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ശാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസിനോട് പറഞ്ഞത്. യുവതിയെ ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിത്തൂക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീടാണ് കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്.

Tags:    

Similar News