പാലക്കാട്: കരിമ്പ വെട്ടത്ത് ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാക്കരവീട്ടില്‍ സജിതയാണ് (26) മരിച്ചത്. രണ്ടുകുട്ടികളുെട മാതാവായ സജിത ഏഴുമാസം ഗര്‍ഭിണിയാണ്. സംഭവത്തെത്തുടര്‍ന്ന് മക്കളുമായി വീടുവിട്ടുപോയ ഭര്‍ത്താവ് നിഖിലിനെ (28) തമിഴ്നാട് പോലിസിന്റെ സഹായത്തോടെ സേലത്തുനിന്ന് പിടികൂടിയ പോലിസ് കല്ലടിക്കോട്ടെത്തിച്ച് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തമിഴ്നാട്ടിലെ സേലത്തുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍പ്പോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിഖിലിനെയും കുട്ടികളെയും കാണാനില്ലായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കല്ലടിക്കോട് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ നിഖില്‍ കുട്ടികളെയും കൂട്ടി സേലത്തേക്ക് യാത്രതിരിച്ചതായി സഹോദരി പോലിസിനെ അറിയിച്ചു. സേലത്ത് ബസിറങ്ങുന്ന സമയത്ത് തമിഴ്നാട് പോലിസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ കല്ലടിക്കോട് സ്റ്റേഷനില്‍ എത്തിച്ച നിഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിഖിലിനൊപ്പം കല്ലടിക്കോട്ടെത്തിച്ച ഒമ്പതും ആറും വയസ്സുള്ള കുട്ടികളെ പോലിസ് സജിതയുടെ ബന്ധുക്കള്‍ക്ക് കൈമാറി.