കിഴക്കമ്പലം സംഘര്‍ഷം: തൊഴിലുടമയ്ക്കും ഉത്തരവാദിത്തം; സമഗ്ര അന്വേഷണം വേണമെന്നും പോലിസ് അസോസിയേഷന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിതമായി പോലിസിനെ ആക്രമിച്ചതിന് പിന്നിലെ കാരണം പുറത്തുവരണം. ആക്രമണത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും തൊഴിലുടമയ്ക്ക് മാറി നില്‍ക്കാനാവില്ലെന്നും സംഘടന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Update: 2021-12-26 12:41 GMT

എറണാകുളം: കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയുടെ ലേബര്‍ ക്യാംപില്‍ പോലിസിന് നേരയുണ്ടായ ആക്രമണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കേരള പോലിസ് ഓഫിീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിതമായി പോലിസിനെ ആക്രമിച്ചതിന് പിന്നിലെ കാരണം പുറത്തുവരണം. ആക്രമണത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും തൊഴിലുടമയ്ക്ക് മാറി നില്‍ക്കാനാവില്ലെന്നും സംഘടന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കിഴക്കമ്പലത്തെ അക്രമസംഭവങ്ങള്‍ക്ക് തുടക്കം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കരോള്‍ നടത്തുന്നതിനെ എതിര്‍ത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പോലിസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. നാട്ടുകാരാണ് പോലിസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്. പോലിസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പോലിസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

സംഘര്‍ഷത്തിന് പിന്നാലെ സമീപസ്‌റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ വന്‍ പോലിസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ക്യാമ്പുകള്‍ റെയ്ഡ് ചെയ്ത പോലിസ് സംഘം 150 ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍ അടക്കം അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ ചികില്‍സയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Tags:    

Similar News