കിഴക്കമ്പലത്ത് പോലിസിനെതിരായ അക്രമം: 24 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍; വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസ്
സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്.
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പോലിസിനെതിരേ ആക്രമണം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ 24 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വധശ്രമത്തിന് 18 പേരും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്. പോലിസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
ഒരു രാത്രി മുഴുവന്‍ കിഴക്കമ്പലത്തെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടം. ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനെച്ചൊല്ലി കിറ്റക്‌സിന്റെ ലേബര്‍ കാമ്പില്‍ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമായി. മദ്യലഹരിയില്‍ വാക്കേറ്റം തമ്മില്‍ത്തല്ലില്‍ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. പോലിസെത്തിയിതോടെ തൊഴിലാളികള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവില്‍ പോലിസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ക്ക് രക്ഷപെടേണ്ടിവന്നു.
ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികള്‍ രണ്ടെണ്ണം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് റൂറല്‍ എസ്പി അടക്കമുളളവ! സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് 156 പേരെ കസ്റ്റിഡിയില്‍ എടുത്തത്. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പോലിസ് തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പോലിസുദ്യോഗസ്ഥര്‍ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പോലിസില്‍ ഏല്‍പിച്ചത് കിറ്റെക്‌സ് ജീവനക്കാര്‍ തന്നെയാണെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹയകരിക്കുമെന്നും കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.