കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണം നിര്‍മാണത്തിലെ പിഴവെന്ന് വിലയിരുത്തല്‍
കൊച്ചി: നിര്‍മാണത്തിലേയും മേല്‍നോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയില്‍ തൂണിന് ബലക്ഷയം ഉണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തല്‍. ട്രാക്കിനുണ്ടായ വളവിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്.
പത്തടിപ്പാലത്തെ മന്നൂറ്റിനാല്‍പ്പത്തിയേഴാം നമ്പര്‍ തൂണിന് സംഭവിച്ചുപോലൊരു ബലക്ഷയം രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും ഇതേവരെയുണ്ടായിട്ടില്ല, ഇതെങ്ങനെ സംഭവിച്ചു, ആരാണുത്തരവാദി എന്നാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കില്‍ വളവ് കാണപ്പെട്ടത്. ട്രെയിനോടുമ്പോള്‍ നേരിയ ഞരക്കം കേട്ടുതുടങ്ങി. തുടര്‍ പരിശോധനയില്‍ തൂണിനോ ഗര്‍ഡറുകള്‍ക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടില്‍ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തില്‍ കൊച്ചി മെട്രോ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഏജിസ് അടക്കം എത്തിയത്.
എട്ടു മുതല്‍ പത്തുമീറ്റര്‍ വരെ ആഴത്തിലാണ് പത്തടിപ്പാലം മേഖലയില്‍ കട്ടിയുളള പാറ കാണുന്നത്. ഈ പാറയിലാണ് നാലു വശങ്ങളില്‍നിന്നുമായി പൈലിങ് നടത്തി തൂണുറപ്പിക്കുന്നത്. എന്നാല്‍ ഇവിടെ നടത്തിയ പൈലിങില്‍ പിഴവുപറ്റിയെന്നാണ് ഡിഎം ആര്‍സി മുഖ്യകണ്‍സള്‍ട്ടാന്റായ ഇ ശ്രീധരന്‍ അടക്കം കണക്കുകൂട്ടുന്നത്.