കൊച്ചി മെട്രോ: ആവശ്യമായ വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കെഎംആര്‍എല്‍
മുട്ടം യാര്‍ഡില്‍ 824.1 കെഡബ്ല്യുപി ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങിയത്.ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 42 ശതമാനവും സോളാറില്‍ നി്ന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി കെഎം ആര്‍ എല്‍ മാറി
കൊച്ചി: മൊത്തം വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് കൊച്ചി മെട്രോയുടെ ശ്രമം. ഇതിന്റെ ഭാഗമായി പുതിയ ഒരു പ്ലാന്റ് കൂടി കൊച്ചി മെട്രോയില്‍ പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 824.1 കെഡബ്ല്യുപി ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങിയത്.ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 42 ശതമാനവും സോളാറില്‍ നി്ന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി കെഎം ആര്‍ എല്‍ മാറി. ആവശ്യമായ വൈദ്യുതിയുടെ പരമാവധിയും കൊച്ചി മെട്രോയുടെ പരിസരപ്രദേശങ്ങളില്‍ നിന്ന് സോളാര്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
പ്രധാനമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.ആവശ്യമുള്ള വൈദ്യതി മുഴുവന്‍ സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന നിലയിലേക്ക് കമ്പനിയെ മാറ്റുമെന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍നിര സ്ഥാനമാണ് കെഎംആര്‍എല്ലിനുള്ളത്. ട്രെയിന്‍ പാളത്തിന് മുകളില്‍ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്.
മുട്ടം യാര്‍ഡില്‍ 8400 ചതുരശ്ര മീറ്ററിലാണ് പുതിയ പ്ലാന്റിന്റെ ഭാഗമായി സോളാര്‍ പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 3000 യൂനിറ്റ് വൈദ്യുതി ഇവിടെ നിന്ന് മാത്രം ഉല്‍പ്പാദിപ്പിക്കാം. ഇതോടെ കൊച്ചി മെട്രോയുടെ പ്രതിദിന സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം 30,000 യൂനിറ്റായി ഉയരും. 3.1 എംഡബ്ല്യു പി ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലോടെ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിര്‍മാണശേഷി 11.2 എം ഡബ്ലു പി ആയി ഉയരും. ഇത്രയും വൈദ്യുതി ഉല്‍പ്പാദനത്തിനായി സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിവര്‍ഷം 3,53,625 ടണ്ണോളം കാര്‍ബണ്‍ എമിഷന്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. അതാകട്ടെ 5,65,800 തേക്ക് മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ പരിസ്ഥിതിക്ക് ലഭിക്കുന്ന പ്രയോജനം പ്രാദനം ചെയ്യുമെന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
2018ലാണ് 2.670 എം ഡബ്ലു പി ശേഷിയുള്ള ആദ്യ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്‌റ്റേഷന്‍ കെട്ടിടങ്ങളിലും മുട്ടം ഡിപ്പോയിലും പാനലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ കെഎംആര്‍എല്ലിന്റെ വൈദ്യുതി ആവശ്യത്തിന്റെ 18 ശതമാനം വൈദ്യുതി ഈ പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. 2.719 എംഡബ്ലുപി ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റ് 2019 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് 1.9 എംഡബ്ലുപി ശേഷിയുള്ള മറ്റൊരു പ്ലാന്റും പ്രവര്‍ത്തനം തുടങ്ങി.