കൊടിഞ്ഞി ഫൈസല്‍ വധം: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്ലാതെ നാളെ വീണ്ടും കോടതിയില്‍

Update: 2024-09-26 17:18 GMT

മലപ്പുറം: ഇസ് ലാം സ്വീകരിച്ചതിന് ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും അദ്ദേഹം പിന്‍മാറിയതിനെ തുടര്‍ന്ന് വക്കീലില്ലാതെയാണ് നാളെ കേസ് പരിഗണിക്കുക. ഇത് ഇരുപതാം തവണയാണ് അഭിഭാഷകനില്ലാതെ കേസ് പരിഗണിക്കുക. 2018 മുതല്‍ കേസ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും 2022 ഡിസംബര്‍ എട്ട് മുതല്‍ വിചാരണ പട്ടിക കോടതി പുറപ്പെടിവിച്ചിരുന്നു. അക്കാലം മുതല്‍ ഇതുവരെ കോടതിയില്‍ വക്കില്‍ ഹാജരാവാത്തതിനാല്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ 19 തവണയും വിചാരണയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

2017ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സി കെ ശ്രീധരനെയും സഹായിക്കാനായി അ ഡ്വ. പി പി ബഷീറിനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇരുവരും കേസില്‍ ഹാജരായിരുന്നില്ല. 2020 ജനുവരിയില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ നിന്നു കേസ് തിരൂര്‍ സബ്ജില്ലാ കോടതിയിലേക്ക് മാറ്റി. ഫെബ്രുവരിയില്‍ കേസില്‍ നിന്നു പിന്‍മാറുന്നതായി കാണിച്ച് അഡ്വ. സി കെ ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കി. പിന്നാലെ ഫൈസലിന്റെ ഭാര്യ ജസ്‌ന അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കി. മാസം മൂന്ന് പിന്നിട്ടിട്ടും ജസ്നയുടെ പരാതി സര്‍ക്കാര്‍ പരിഗണച്ചില്ല. ഇതേത്തുടര്‍ന്ന് ജസ്‌ന ഹൈക്കോടതിയെ സമീപിച്ചു. 2024 ജൂലൈ 27ന് കോഴിക്കോട് സ്വദേശിയും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് നിര്‍ദേശിച്ച് ജസനയ്ക്ക് അനുകൂല വിധി ലഭിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചില്ല. പകരം അഡ്വ. പി ജി മാത്യുവിനെ 2024 സപ്തംബര്‍ രണ്ടിന് സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍, അഡ്വ. പി ജി മാത്യു ഒമ്പതിന് രാജിക്കത്ത് കൈമാറി.

ഇതോടെ ജസ്‌ന വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് നാളെ വിണ്ടും പരിഗണിക്കുമ്പോള്‍ വക്കിലില്ലാതെ മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണുണ്ടാവുക. അഡ്വ. കുമാരന്‍ കുട്ടി ടി പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്തതാണ് സിപിഎം സര്‍ക്കാരിന് അനഭിമതനാവാന്‍ കാരണം. ആര്‍എസ്എസുകാരായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ നിസ്സംഗത കാട്ടുന്നതെന്ന ആക്ഷേപം ശക്തമാണ്.


Tags:    

Similar News