കോടിയേരി ഇനി ഓര്‍മ്മ, പയ്യാമ്പലത്ത് നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും ഇടയില്‍ അന്ത്യവിശ്രമം

തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്. ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്.

Update: 2022-10-03 12:12 GMT

കണ്ണൂര്‍: കടപ്പുറത്തേക്കൊഴുകിയെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരം പയ്യാമ്പലത്തെ അഗ്‌നിനാളങ്ങളേറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മൃതദേഹം സംസ്‌കരിച്ചത്.

തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്. ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കളും കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അഴീക്കോടന്‍ സ്മാരകം മുതല്‍ പയ്യാമ്പലം വരെ കാല്‍നടയായി കോടിയേരിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ചു. പയ്യാമ്പലത്തൊരുക്കിയ ചിതയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി ബി അഗം പ്രകാശ് കാരാട്ട് എന്നിവര്‍ ചേര്‍ന്ന് പിടിച്ചാണ് കോടിയേരിയുടെ ഭൗതിക ദേഹത്തെ എത്തിച്ചത്. ഭാര്യ വിനോദിനി അന്ത്യം ചുംബനം നല്‍കിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് പയ്യാമ്പലവും തലശ്ശേരിയും കഴിഞ്ഞ മണിക്കൂറുകളില്‍ സാക്ഷിയായത്. ധീരനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലേയും ഇന്നുമായി തലശ്ശേരിയിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രീയ ജാതിമതഭേദമന്യേ അവര്‍ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്ന് രാവിലെ മുതല്‍ അഴീക്കോടന്‍ മന്ദിരത്തിലും കോടിയേരിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്.


സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, നേതാക്കളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, എം എ ബേബി എന്നിവര്‍ വിലാപയാത്രയെ കാല്‍നടയായി അനുഗമിച്ചു.

ഇന്നലെ ഉച്ചയോടെ ചെന്നൈയില്‍ നിന്ന് എത്തിയ ഭൗതിക ശരീരം, ആദ്യം പൊതുദര്‍ശനത്തിന് വെച്ചത് തലശേരി ടൗണ്‍ ഹാളിലായിരുന്നു. ഇവിടേക്ക് ജനപ്രവാഹമുണ്ടായി. രാത്രിയോടെ മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാനായി ആളുകള്‍ എത്തിക്കൊണ്ടിരുന്നു.

രാവിലെ പതിനൊന്നു മണിയേടെയാണ് വീട്ടില്‍ നിന്ന് മൃതദേഹം പാര്‍ട്ടി ഓഫീസായ അഴീക്കോടന്‍ രാഘവന്‍ സ്മാരകത്തില്‍ എത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വ്യവസായി എം എ യൂസഫലി കോടിയേരിയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.



 




 



Tags:    

Similar News