യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസ്: ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതി റിമാന്റില്‍(വീഡിയോ)

Update: 2024-07-12 10:08 GMT

കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ തട്ടിക്കാണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതിയെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു. കിഴക്കോത്ത് ആവിലോറ പാറക്കല്‍ മുഹമ്മദ് എന്ന ആപ്പുവിനെയാണ് ബംഗളൂരുവില്‍നിന്ന് പോലിസ് പിടികൂടിയത്. ബെംഗളൂരു കെങ്കേരിയില്‍ ഒരു ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലിസ് സംഘം പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദുര്‍റസാഖ്(51), സക്കരിയ(36), റിയാസ്(29), മതുകൂട്ടികയില്‍ നാസി എന്ന അബ്ദുന്നാസിര്‍(48)എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. തട്ടിക്കൊണ്ടു പോവാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.

   

Full View

സംഭവ ശേഷം ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നിര്‍ദേശ പ്രകാരം കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ സി ഷാജു, സബ് ഇന്‍സ്‌പെക്ടര്‍ ജിയോ സദാനന്ദന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ വി ശ്രീജിത്ത്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷഫീഖ് നീലിയാനിക്കല്‍, വിപിന്‍ സാഗര്‍, ഡ്രൈവര്‍ സത്യരാജ് എന്നിവരടങ്ങിയ പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

    2023 ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. എളേറ്റില്‍ വട്ടോളിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ചോലയില്‍ മുഹമ്മദ് ജസീമിനെയാണ് കടയിലെത്തിയ ംഘം സംസാരിക്കാനെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയത്. തുടര്‍ന്ന് കത്തറമ്മല്‍ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാള്‍ തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണശേഷം താമരശ്ശേരി റെസ്റ്റ് ഹൗസില്‍ എത്തിച്ചു. ശരീരമാസകലം രക്തക്കറയുണ്ടായതിനാല്‍ ജസീമിനെ കുളിപ്പിച്ച ശേഷം രക്തംപുരണ്ട വസ്ത്രത്തിന് പകരം മറ്റൊരു വസ്ത്രം നല്‍കിയാണ് തമരശ്ശേരിയിലെത്തിച്ചത്. പിന്നീട്

    കത്തറമ്മല്‍ ഭാഗത്തുതന്നെ റോഡരികില്‍ ഉപേക്ഷിച്ചെന്നാണ് പരാതി. ജസീം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തിയാണ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ജസീമിന് സംസാരിക്കാന്‍ ആയത്.

Tags:    

Similar News