മുംബൈ: ഉത്തര്‍പ്രദേശില്‍ നടക്കുന്നതുപോലെ സാമൂഹിക വിരുദ്ധരെ വെടിവെച്ച് കൊല്ലണമെന്ന് ശിവസേന (ഉദ്ധവ് പക്ഷം) നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. ടിപ്പു സുല്‍ത്താന്റെ ചിത്രവും അപകീര്‍ത്തികരമായ ഓഡിയോ സന്ദേശവും രണ്ട് പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ കോലാപ്പൂരിലുണ്ടായ അക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം ഉയര്‍ത്തിയപ്പോള്‍ ബിജെപിയുടെ ഹിന്ദുത്വം അപകടത്തിലായത് എന്തുകൊണ്ടാണെന്ന് റാവുത്ത് ചോദിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ധ്രുവീകരണത്തിന്റെ രാഷ്ട്രീയം വര്‍ദ്ധിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലായ്പ്പോഴും അപകടത്തിലാണ്. സംസ്ഥാനത്തിന്റെ നിലവിലെ ചിത്രം നോക്കൂ', റാവുത്ത് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് (ജൂണ്‍ 6) പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ ചിത്രവും അപകീര്‍ത്തികരമായ ഓഡിയോ സന്ദേശവും സോഷ്യല്‍ മീഡിയ 'സ്റ്റാറ്റസ്' ആയി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്.
അതേസമയം, സഞ്ജയ് റാവുത്തിന് ഭീഷണി സന്ദേശം ലഭിച്ചതായി സഹോദരന്‍ സുനില്‍ റാവത്ത് പറഞ്ഞു. 'വൈകുന്നേരം 4.30 ഓടെ തനിക്ക് ഒരു കോള്‍ വന്നു. നിങ്ങളുടെ സഹോദരന്‍ പത്രസമ്മേളനത്തില്‍ സംസാരിക്കരുതെന്നും സംസാരിച്ചാല്‍ വെടിവയ്ക്കുമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. സഞ്ജയ് റാവുത്തിനെ സര്‍ക്കാരിന് ഭയമാണ്. അതിനാലാണ് അദ്ദേഹം സംസാരിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നത്. മുന്‍പും ഇത്തരം കോളുകള്‍ വന്നിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല', സുനില്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭീഷണി കോളുകള്‍ക്ക് പിന്നാലെ സഞ്ജയ് റാവത്ത് മഹാരാഷ്ട്ര ഡിസിഎമ്മിനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കത്തയച്ചു. തന്റെ സഹോദരന് ഒരു കോള്‍ വന്നതായും ഒരു മാസത്തിനകം തന്നെ വെടിവെച്ച് കൊല്ലുമെന്ന് വിളിച്ചയാള്‍ പറഞ്ഞതായും റാവത്ത് കത്തില്‍ സൂചിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് ഇത്തരം ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോലാപ്പൂരില്‍ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 36 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൂടാതെ, ആക്ഷേപകരമായ പോസ്റ്റുകളുമായി ബന്ധപ്പെട്ട് നഗരത്തില്‍ അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു.