തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടത്തും. ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(എ ഐഎഫ്ജിഡിഎ) ദേശീയ തലത്തില്‍ കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കെജിഎംഒഎ സംസ്ഥാനത്തും പ്രതിഷേധത്തില്‍ പങ്കാളികളാവുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുക എന്ന ആവശ്യവുമായി ആഗസ്ത് 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ കാംപയിനും സംഘടിപ്പിക്കും. അതിനിടെ, നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് കേരളാ മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍(കെഎംപിജിഎ) അറിയിച്ചു. എന്നാല്‍, അത്യാഹിത വിഭാഗങ്ങളില്‍ സേവനം മുടങ്ങില്ലെന്നും അറിയിച്ചിട്ടുണ്ട്.