കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; നിര്‍ണായക രേഖ കാണാതായതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Update: 2024-09-09 10:53 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ട്രെയ്‌നി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് സുപ്രിം കോടതി. കേസിന്റെ വാദം പുനരാരംഭിക്കുന്നതിനിടെയാണ് പ്രധാന രോഖയെകുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനാവശ്യമായ രേഖയാണ് കാണാതായത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൈമാറിയതിന്റെ രേഖ എവിടെയാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പര്‍ദിവാല, മനോജ്മിശ്ര എന്നിവരടങ്ങുന്നതാണ് ബെഞ്ച്.കേസില്‍ എഫ്ഐആര്‍ രേഖപ്പെടുത്തുന്നത് വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ കേസ് അന്വേഷിക്കുന്ന സിബിഐയോട് സപ്തംബര്‍ 17നകം അന്വേഷണപുരോഗതി വിശദമാക്കി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

ആരാണ് മൃതദേഹത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും, തെളിവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ചത് വലിയ പിഴവു തന്നെയാണെന്നും സുപ്രിം കോടതി പറഞ്ഞു. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായി.




Tags:    

Similar News