കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലം: ഒയൂരില്‍ ആറുവയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ചാത്തന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമാ പത്മന്‍ എന്നിവരെയാണ് ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഇതിനു മുന്നോടിയായി ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച കാറിനുള്ളില്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ തെളിവ് ശേഖരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ വീട്ടുമുറ്റത്തുതന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്. സംഭവശേഷം കാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍തന്നെ കാറിനുള്ളില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, കുട്ടിക്ക് ഏതെങ്കിലും വിധത്തിലുള്ള ലഹരി മരുന്നുകള്‍ നല്‍കിയിട്ടുണ്ടോ എന്നതിനെ കുറിച്ചും വ്യക്തമായ പരിശോധന നടത്തുന്നുണ്ട്. ചാത്തന്നൂര്‍ എസിപി ഗോപകുമാര്‍, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് തുടങ്ങിയവരും സ്ഥലത്തെത്തിയിട്ടുണ്ട്. ചാത്തന്നൂരില്‍ നിന്ന് പാരിപ്പള്ളിയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒയൂരിലെ സ്ഥലത്തേക്കും പ്രതികളെ കൊണ്ടുപോയേക്കുമെന്നാണ് സൂചന. മൂവരെയും കസ്റ്റഡിയിലെടുത്ത തെങ്കാശിയിലെ ഹോട്ടലിലെത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.