
കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന ആറുവയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതി റിമാന്റ് ചെയ്തു. ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍(52), ഭാര്യ അനിതാ കുമാരി, മകള്‍ അനുപമാ പത്മന്‍ എന്നിവരെയാണ് ഈമാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ച പോലിസ്, എന്നാല്‍ ഇവരെ ഇന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കില്ലെന്നാണ് സൂചന. കോടതിയില്‍ ഭാവവ്യത്യാസമില്ലാതെയാണ് മൂന്ന് പ്രതികളുമുണ്ടായിരുന്നത്. പോലിസിനെതിരേ പരാതിയില്ലെന്നും അറിയിച്ചിട്ടുണ്ട്.