കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപ്പിടിത്തം

Update: 2021-12-18 09:53 GMT

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപ്പിടിത്തം. മെഡിക്കല്‍ കോളജിലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. സമീപത്തെ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കാണ് ആദ്യം തീപ്പിടിച്ചത്. ഇത് കലക്ഷന്‍ സെന്ററിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. രണ്ട് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും തീ നിയന്ത്രണവിധേയമായിട്ടില്ല.

ആകാശംമുട്ടെ വലിയ പുകയും തീയും ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മെഡിക്കല്‍ കോളജ് പരിസരം പൂര്‍ണമായും പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ഗൈനക്ക് വിഭാഗത്തിലേക്ക് പോവുന്ന ഭാഗത്തെ പറമ്പില്‍ പ്ലാസ്റ്റിക് കവറുകളിലായി കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീപ്പിടിച്ചത്. ഇവിടെ കൂട്ടിയിടുന്ന മാലിന്യം ഉണങ്ങിയശേഷം വേര്‍തിരിച്ച് വില്‍ക്കുകയാണ് പതിവ്.

മെറ്റീരിയല്‍ കലക്ഷന്‍ സെന്റിലേക്ക് തീ വ്യാപിച്ച സമയം ഇവിടെ ജോലിയിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഭക്ഷണം കഴിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഇവര്‍ ബക്കറ്റില്‍ വെള്ളമെടുത്ത് ഒഴിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. കലക്ഷന്‍ സെന്റര്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിക്കുന്ന നിലയിലാണ്. ഇതുവരെ ആളപായമുണ്ടായതായി റിപോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

Tags:    

Similar News