നാഗമ്പടം മേല്‍പാലം പൊളിച്ചുതുടങ്ങി; 24 മണിക്കൂറിനകം പണി പൂര്‍ത്തിയാവുമെന്ന് റെയില്‍വേ

പുലര്‍ച്ചെ മുതലാണ് വന്‍ ക്രെയ്‌നുകളുടെ സഹായത്തോടെ സിമന്റ് പാളികള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ ആരംഭിച്ചത്. പാലത്തിനു മുകളിലെ ആര്‍ച്ചാണ് ആദ്യം മുറിക്കുന്നത്. പിന്നീട് ഇരുമ്പുബീമുകള്‍കൊണ്ട് താങ്ങുകള്‍ നല്‍കി, ട്രാക്കിലേക്ക് വീഴാതെ പാലവും മുറിച്ചുനീക്കും.

Update: 2019-05-25 01:23 GMT

കോട്ടയം: സ്‌ഫോടനം നടത്തിയിട്ടും കുലുങ്ങാത്ത നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പരമ്പരാഗത രീതിയില്‍ പൊളിച്ചുനീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. പുലര്‍ച്ചെ മുതലാണ് വന്‍ ക്രെയ്‌നുകളുടെ സഹായത്തോടെ സിമന്റ് പാളികള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ ആരംഭിച്ചത്. പാലത്തിനു മുകളിലെ ആര്‍ച്ചാണ് ആദ്യം മുറിക്കുന്നത്. പിന്നീട് ഇരുമ്പുബീമുകള്‍കൊണ്ട് താങ്ങുകള്‍ നല്‍കി, ട്രാക്കിലേക്ക് വീഴാതെ പാലവും മുറിച്ചുനീക്കും. ആര്‍ച്ച് നാല് ഭാഗങ്ങളായും പാലം ആറ് ഭാഗങ്ങളുമായാണ് മുറിക്കുക.

വെള്ളിയാഴ്ച രാത്രി ജോലികള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോട്ടയം നഗരത്തില്‍ പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വൈകിയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. 24 മണിക്കൂറിനകം ജോലികള്‍ പൂര്‍ത്തിയാവുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. നാളെയും നിയന്ത്രണമുണ്ടാവും. ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാവണമെങ്കിലും മൂന്നുദിവസമെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ടുതവണത്തെ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് റെയില്‍വേയുടെ പുതിയ രീതി ആവിഷ്‌കരിച്ചത്. കൂടാതെ വീണ്ടും സ്‌ഫോടനം ആവര്‍ത്തിച്ചാല്‍ പുതിയ പാലത്തിന് ഭീഷണിയാവുമെന്ന വിലയിരുത്തലുമുണ്ടായി. ഒരു പകല്‍ മുഴുവന്‍ കേരളത്തെ പിടിച്ചിരുത്തിയ പാലം പൊളിക്കല്‍ പാളിയത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബോംബുവച്ച് തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് തിരുപ്പൂര്‍ ആസ്ഥാനമായ മാക്‌ലിങ്ക് ഇന്‍ഫ്രാ പ്രോജക്ട്‌സ് എന്ന അതേ കമ്പനി തന്നെ പാലം അറുത്തുമാറ്റാന്‍ തീരുമാനിച്ചത്.

സ്റ്റീല്‍ ബ്ലോക്ക് ഉപയോഗിച്ച് പാലത്തിനു താങ്ങുനല്‍കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയാണ് ആദ്യം ചെയ്തത്. ശേഷം വൈദ്യുതി ലൈനുകള്‍ അഴിച്ചുനീക്കി. എറണാകുളത്തു നിന്നെത്തിച്ച രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ചാണു മുറിക്കുന്ന പാലം നീക്കുക. 1953ലാണ് നാഗമ്പടം പാലം നിര്‍മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍, പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗതകുറച്ചാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്.

Tags:    

Similar News