കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

മുസ്‌ലിംകളെയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സെന്‍സസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തില്‍ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ അതിന്റെ രണ്ടാം ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കേരള സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കോടതിയേയും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇക്കാര്യത്തെ കുറിച്ച് ആശങ്ക വേണ്ടതില്ലെങ്കിലും ഇന്ത്യയില്‍ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Update: 2020-02-15 13:36 GMT

കൊച്ചി: കേരളം ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍.കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിംകളെയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സെന്‍സസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തില്‍ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ അതിന്റെ രണ്ടാം ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കേരള സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കോടതിയേയും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇക്കാര്യത്തെ കുറിച്ച് ആശങ്ക വേണ്ടതില്ലെങ്കിലും ഇന്ത്യയില്‍ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ മുമ്പുണ്ടായപ്പോഴൊക്കെ ജനാധിപത്യ പുനസ്ഥാപനത്തിനായി ജനങ്ങള്‍ ഒരുമിച്ച് നിന്ന സാഹചര്യം രാജ്യത്തിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ഭാവി നഷ്ടപ്പെടുമോ എന്ന് പോലും ഓര്‍ക്കാതെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് എടുത്തുചാടി ജീവന്‍ പോയവരും മരിച്ച് ജീവിക്കേണ്ടി വന്നവരും തടവറകളിലായവരുമായ ആയിരക്കണക്കിന് യുവാക്കള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്.ഇപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ അതിനെതിരെ രംഗത്തിറങ്ങിയതും യുവാക്കളാണ്, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍.യുവതക്ക് സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞ് പോകുന്നു എന്ന പൊതുപരാതിയില്‍ കാര്യമില്ലെന്നും നാടിനു വേണ്ടി ഏത് ത്യാഗം സഹിക്കാനും സന്നദ്ധതയുള്ള യുവതലമുറയെയാണ് ചുറ്റും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളം കണ്ട മഹാപ്രളയകാലത്ത് സ്വന്തം ജീവന് എന്ത് സംഭവിക്കുമെന്ന് പോലും ഓര്‍ക്കാതെ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതും ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മുന്നിട്ടിറങ്ങുന്നതും യുവജനങ്ങളാണ്. സാധാരണയില്‍ നിന്ന് വിഭിന്നമായി ഐഐടി, ഐഐഎം തുടങ്ങിയ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും തെരുവിലിറങ്ങുന്നത് നാം കണ്ടു. അതാണ് ജനാധിപത്യത്തിന്റെ ശക്തി.ഭരണകൂടം ഈ സമരങ്ങളെ നേരിട്ടത് എത്ര കിരാതമായ രീതിയിലാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിന് നേരെ നടന്ന കിരാതമായ ആക്രമണമാണ് അതിന് ഒരു ഉദാഹരണം. ശരാശരി താഴെ മാത്രം ആരോഗ്യമുള്ള അവരുടെ തല ഇരുമ്പ് വടി കൊണ്ട് തല്ലിക്കീറുകയും കൈഒടിക്കുകയും ചെയ്തു. ജാമിയ മിലിയയിലെ പെണ്‍കുട്ടികളുടെ രഹസ്യ ഭാഗം നോക്കി ബൂട്ടിട്ട് ചവിട്ടി. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിനാണ് ഇതൊക്കെ ചെയ്യുന്നത്.രാജ്യത്തെ വിവിധ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം ബ്രിട്ടീഷുകാരില്‍ നിന്നുള്ള മോചനമായിരുന്നു. വിവിധ കൈവഴികളിലൂടെ മുന്നേറുമ്പോഴും ഇവിടെ ബ്രിട്ടീഷുകാര്‍ ഭരിക്കേണ്ടതില്ല എന്ന ഉറച്ച ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോട് സമരസപ്പെടാന്‍ തയ്യാറായവരും ദേശീയ പ്രസ്ഥാനത്തെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിച്ചവരും ബ്രിട്ടീഷ് വാഴ്ച തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് പറഞ്ഞവരും ആര്‍എസ്എസ്സാണ്. മഹാനായ സ്വാതന്ത്ര്യസമര സേനാനിയായി ഇന്നത്തെ ഭരണാധികാരികള്‍ വിശേഷിപ്പിക്കുന്ന ആര്‍എസ്എസ് നേതാവായ സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ട ആളാണ്.

രാജ്യത്ത് ബ്രിട്ടീഷുകാര്‍ നട്ട വര്‍ഗ്ഗീയ ചേരിതിരിവിന്റെ വിത്തിനെ ഏറ്റെടുക്കാന്‍ തയ്യാറായത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം മതനിരപേക്ഷമാകണമെന്ന നിലപാടിനെ പരസ്യമായി മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭാരതീയ സംസ്‌കാരത്തെയല്ല, ജര്‍മ്മനിയില്‍ ഹിറ്റലര്‍ ജൂതന്‍മാരെ കൈകാര്യം ചെയ്ത രീതിയെയാണ് ഇന്ത്യയിലെ ആര്‍എസ്എസ്സുകാര്‍ അനുകരിക്കുന്നത്.രാജ്യത്ത് നിന്ന് മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന അവരുടെ നിലപാട് തന്നെ ഹിറ്റലറുടെ നയത്തില്‍ നിന്നും വാക്കുകളില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

മുസ് ലിംകളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു.പൗരത്വ നിയമ ഭേദഗതി മുസ് ലിംകള്‍ക്കെതിരെ മാത്രമുള്ള ഒരു പ്രശ്നമായാണ് പലരും മനസിലാക്കിയിട്ടുള്ളതെന്നും എന്നാല്‍ മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത് ചിലര്‍ക്കൊക്കെ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൊതുവേ വലിയ പ്രതികരണമാണ് രാജ്യത്താകെ ആ നടപടി ഉണ്ടാക്കിയത്. എന്നാല്‍ കേരളം മാത്രമല്ല ഇന്ത്യ. അതുകൊണ്ട് കേരളത്തില്‍ കണ്ട വിപുലമായ ഐക്യവും യോജിപ്പും ശക്തിപ്പെടുത്തണമെന്നും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News