കൃതി രാജ്യാന്തര പുസ്തകോല്‍സവത്തിന് തിരശ്ശീല വീണു;നാലാം പതിപ്പ് 2021 ജനുവരി 22 മുതല്‍ 31 വരെ

കഴിഞ്ഞ പതിനൊന്ന് ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാനും വിജ്ഞാനോല്‍സവത്തിന്റെ ഭാഗമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും ശ്രവിക്കാനുമായെത്തിയ ജനലക്ഷങ്ങളാണ് കൃതിയെ ഒരിയ്ക്കല്‍ക്കൂടി വന്‍വിജയമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വന്‍തോതിലുള്ള പങ്കാളിത്തവും കൃതിയുടെ വിജയത്തിന് മാറ്റു കൂട്ടി. സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ 1 കോടി 50 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഒരു കുട്ടിയ്ക്ക് ഒരു പുസ്തകം പദ്ധതിയില്‍ നല്‍കിയ 250 രൂപയുടെ പുസ്തകകൂപ്പണുകളിലൂടെ നല്‍കിയത്. ബിപിസിഎല്‍-ന്റെ സഹായത്തോടെ മറ്റൊരു 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കുന്നുണ്ട്. വായന മരിക്കുന്നു എന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നു തെളിയ്ക്കുന്നതാണ് കൃതിയില്‍ കുട്ടികള്‍ കാണിച്ച ആവേശമെന്ന് മന്ത്രി പറഞ്ഞു

Update: 2020-02-17 06:45 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്) കൊച്ചിയില്‍ സംഘടിപ്പിച്ച കൃതി രാജ്യാന്തര പുസ്തകമേളയ്ക്കും വൈജ്ഞാനികോല്‍സവത്തിനും തിരശ്ശീല വീണു. കൃതിയുടെ നാലാം പതിപ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ത്തന്നെ 2021 ജനുവരി 22 മുതല്‍ 31 വരെ അരങ്ങേറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.കഴിഞ്ഞ പതിനൊന്ന് ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാനും വിജ്ഞാനോല്‍സവത്തിന്റെ ഭാഗമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും ശ്രവിക്കാനുമായെത്തിയ ജനലക്ഷങ്ങളാണ് കൃതിയെ ഒരിയ്ക്കല്‍ക്കൂടി വന്‍വിജയമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വന്‍തോതിലുള്ള പങ്കാളിത്തവും കൃതിയുടെ വിജയത്തിന് മാറ്റു കൂട്ടി. സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ 1 കോടി 50 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഒരു കുട്ടിയ്ക്ക് ഒരു പുസ്തകം പദ്ധതിയില്‍ നല്‍കിയ 250 രൂപയുടെ പുസ്തകകൂപ്പണുകളിലൂടെ നല്‍കിയത്.ബിപിസിഎല്‍-ന്റെ സഹായത്തോടെ മറ്റൊരു 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കുന്നുണ്ട്. വായന മരിക്കുന്നു എന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നു തെളിയ്ക്കുന്നതാണ് കൃതിയില്‍ കുട്ടികള്‍ കാണിച്ച ആവേശമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി 60,000-ത്തോളം കുട്ടികളാണ് കൃതിയിലെത്തിയത്. ഇവരുള്‍പ്പെടെ മൊത്തം എട്ടു ലക്ഷത്തിലേറെപ്പേര്‍ കൃതി സന്ദര്‍ശിച്ചു.

കൃതിയെ വന്‍ വിജയമാക്കിയ പ്രസാധകരോടും വിജ്ഞാനോല്‍സവത്തില്‍ പങ്കെടുത്ത എഴുത്തുകാരോടും മന്ത്രി നന്ദി രേഖപ്പെടുത്തി. സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ക്കുപരിയായി കേരളത്തിന്റെ വികസനം, പരിസ്ഥിതി, സംഗീതം, സിനിമ, മാധ്യമരംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളെ ആഴത്തില്‍ അറിയാനുപകരിച്ച സെഷനുകളായിരുന്നു കൃതിയിലേതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ തോമസ് ഐസക്, പ്രഫ സി രവീന്ദ്രനാഥ്, ശശി തരൂര്‍ എംപി, എം എ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ വി കെ രാമചന്ദ്രന്‍, എഴുത്തുകാരായ ടി പത്മനാഭന്‍, എം മുകുന്ദന്‍, വൈശാഖന്‍, ശ്രീകുമാരന്‍ തമ്പി, എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു, കേരളത്തിനു പുറത്തു നിന്ന് ജയറാം രമേഷ്, ബദ്രി നാരായണന്‍, വെങ്കിടാചലപതി, സമന്‍ അശുര്‍ദാ, മന്ദാക്രാന്ത സെന്‍, പപ്പന്‍ പത്മകുമാര്‍, സുമേര അബ്ദുള്‍ അലി, രാജേന്ദ്ര കിഷോര്‍ പാണ്ഡെ തുടങ്ങിയവര്‍ കൃതിയിലെത്തി വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഫെബ്രുവരി 7 മുതല്‍ 10 ദിവസം എന്നും വൈകീട്ട് അരങ്ങേറിയ കലാപരിപാടികളും കൃതിയെ സമ്പന്നമാക്കി.രാജ്യം വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണ് കൃതിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഭരണഘടനയെ തുരങ്കം വെയ്ക്കാനും വിഭാഗീയത വളര്‍ത്താനും ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താനും കൃതിക്കായെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News