കുംഭമേളയും തബ് ലീഗ് സമ്മേളനവും താരതമ്യം ചെയ്യരുത്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത മര്‍കസ് സമ്മേളനത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയവര്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ഡെറാഡൂണ്‍: നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി കുംഭമേളയെ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. മര്‍ക്കസ് സമ്മേളനം നടന്നത് അടച്ചിട്ട പ്രദേശത്താണെന്നും കുംഭമേള തുറസ്സിലാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുംഭമേളയില്‍ പങ്കെടുക്കുന്നത് പുറത്തുനിന്നുള്ളവരല്ല, നാട്ടുകാരാണ്. മര്‍കസ് സമ്മേളനം നടക്കുന്ന വേളയില്‍ കൊവിഡിനെ കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായിരുന്നില്ല. മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. മര്‍കസില്‍ എത്ര പേര്‍ പങ്കെടുത്തു എന്ന് ആര്‍ക്കുമറിയില്ല' അദ്ദേഹം പറഞ്ഞു.
'12 വര്‍ഷം കൂടുമ്പോഴാണ് കുംഭമേള വരുന്നത്. അത് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടാണ്. കേസുകള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ശേഷിയുണ്ട്' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന കുംഭമേളക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത മര്‍കസ് സമ്മേളനത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയവര്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.