'മാവോയിസ്റ്റുകള്‍ക്ക് മുസ്‌ലിം തീവ്രവാദികളുടെ സഹായം'; സിപിഎമ്മിന് പിന്തുണയുമായി കുമ്മനം
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയിലും മാവോവാദികളെ വെടിവച്ചുകൊന്ന സംഭവത്തിലും സിപിഎമ്മിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിരുന്നു.
കോഴിക്കോട്: മാവോവാദികള്‍ക്ക് ഇസ്‌ലാമിക തീവ്രവാദികളുടെ പിന്തുണയുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി കുമ്മനം രാജശേഖരന്‍. തീവ്ര മുസ്‌ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കുമ്മനം പ്രതികരിച്ചു.
'അദ്ദേഹത്തിന്റെ ആശങ്കകള്‍ പൂര്‍ണമായും ശരിയാണ്. ഞങ്ങള്‍ ഏറെ കാലമായി ഉയര്‍ത്തുന്ന ആവലാതിയാണിത്. കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണ്. കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മണ്ണായി മാറിയിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നേയാണ്. കാരണം ഇങ്ങനെയുള്ള കേസുകളിലൊന്നും ശക്തമായ നടപടി സ്വീകരിക്കാതെ, പ്രതികളെ പിടികൂടി അതിന്റെ നാരായ വേരുകള്‍ കണ്ടെത്തി ബന്ധപ്പെട്ട് നില്‍ക്കുന്ന ഗൂഢാലോചനകളും തയ്യാറെടുപ്പുകളും മനസ്സിലാക്കി അതിനെയൊക്കെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ ഇപ്പോഴും കഴിയുന്നില്ല'. കുമ്മനം പറഞ്ഞു. മാവോവാദികള്‍ എന്ന പേരില്‍ പ്രച്ഛന്ന വേഷം ധരിച്ച് ഇവിടെ തീവ്രവാദം പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമ്പത്തികമായി പിന്തുണ നല്‍കുന്നത് ആരാണെന്ന് കണ്ടെത്തണം. മുസ്‌ലിം-മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് തീവ്രവാദങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുമ്മനം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. താമരശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ ആരോപണം.
'മാവോയിസ്റ്റുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണ്. പരസ്പര സഹകരണത്തോടെയാണ് ഇരു കൂട്ടരുടെയും പ്രവര്‍ത്തനം. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും മോഹനന്‍ ആരോപിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമര്‍ശനം. ഇനി ഇന്ത്യയില്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ കാലമാണെന്ന ഗണപതിയുടെ പ്രസ്താവന ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവെന്നാണ് മോഹനന്റെ ആരോപണം.
നേരത്തെ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ പോലിസ് നടപടിയിലും മഞ്ചിക്കണ്ടി വനത്തില്‍ നാലു മാവോവാദികളെ വെടിവച്ചുകൊന്ന സംഭവത്തിലും സിപിഎമ്മിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിരുന്നു. മഞ്ചിക്കണ്ടി വെടിവയ്പ്പ്, യുഎപിഎ കേസുകളില്‍ എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഐ പോലിസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. സിപിഎം സഹയാത്രികരായ സുനില്‍ പി ഇളയിടവും ആഷിഖ് അബുവും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിരുന്നു. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നതായി പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തി. ഇത്തരത്തില്‍ സിപിഎം സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് പിന്തുണയുമായി ബിജെപി രംഗത്തെത്തിയത്.