ഗോഡ്‌സെയുടെ പിന്‍ഗാമികളല്ല ദേശസ്‌നേഹികളെ നിശ്ചയിക്കേണ്ടത്: കമല്‍

പ്രധാനമന്ത്രി ഒരു ദിവസം ഒന്ന് പറയുന്നു. അടുത്ത ദിവസം ആഭ്യന്തരമന്ത്രി മറ്റൊന്ന് പറയുന്നു. പാര്‍ലമെന്റില്‍ വേറൊന്നു പറയുന്നു. ഇന്ത്യന്‍ ഭരണകൂടം, പ്രധാനമന്ത്രിയും ആഭയന്തരമന്ത്രിയും, ഒന്നു പറഞ്ഞ് വേറൊന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്.

Update: 2019-12-26 14:28 GMT

കോഴിക്കോട്: പൗരത്വ ബില്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന നിയമത്തെ എതിര്‍ക്കുക ജനാധിപത്യ വിശ്വാസികളായ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഗോഡ്‌സെയുടെ പിന്‍ഗാമികളല്ല ദേശസ്‌നേഹികളെ നിശ്ചയിക്കേണ്ടതെന്നും കമല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തിങ്കളാഴ്ച കൊച്ചിയില്‍ കമല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്ന പേരില്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ ദേശവിരുദ്ധരാണെന്ന പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം.

പൗരത്വ ദേദഗതി നിയമത്തിനെതിരേ ഇന്ത്യയില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വലിയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഭരണഘടനയുടെ മൂല്യങ്ങള്‍ക്കായി ഒന്നിക്കുന്ന യുവജനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഏതൊരു പ്രക്ഷോഭത്തെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് വലുതാണ്.

സംഘ പരിവാര്‍ സംഘടനകളും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഒരു ദിവസം ഒന്ന് പറയുന്നു. അടുത്ത ദിവസം ആഭ്യന്തരമന്ത്രി മറ്റൊന്ന് പറയുന്നു. പാര്‍ലമെന്റില്‍ വേറൊന്നു പറയുന്നു. ഇന്ത്യന്‍ ഭരണകൂടം, പ്രധാനമന്ത്രിയും ആഭയന്തരമന്ത്രിയും, ഒന്നു പറഞ്ഞ് വേറൊന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറയുന്ന മേജര്‍ രവിയെ പോലുള്ളവരാണ് യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News