പൗരത്വസമരം; ഉമര്‍ഖാലിദിന്റെ ജാമ്യഹരജി തള്ളി

Update: 2022-03-24 09:46 GMT

ന്യൂഡല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും പൗരത്വസമരങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത ഉമര്‍ഖാലിദിന്റെ ജാമ്യ ഹരജി ഡല്‍ഹി കോടതി തള്ളി. 2020ല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഉമര്‍ഖാലിദിനെയും മറ്റ് നിരവധി പ്രക്ഷോഭകരെയും ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. 2020 സപ്തംബര്‍ 14നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്. നിലവില്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹമുളളത്.

മാര്‍ച്ച് 3ന് വാദം പൂര്‍ത്തിയാക്കിയ കേസ് വിധിപറയാതെ അഡിഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് മാറ്റിവച്ചിരിക്കുകയായിരുന്നു. 

ഉമര്‍ഖാലിദിനെ കുറ്റക്കാരനായി വിധിക്കാനാവശ്യമായ ഒരു തെളിവുപോലും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

യുഎപിഎയുടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മുഖ്യസൂത്രധാരനാണ് ഉമര്‍ഖാലിദെന്ന് പോലിസ് ആരോപിക്കുന്നു. അന്നത്തെ സംഘര്‍ഷത്തില്‍ 53 പേര്‍ മരിച്ചു. 700ഓളം പേര്‍ക്ക് പരിക്കേറ്റു.

ഗൂഢാലോചനക്കുറ്റം ചുമത്തി 18 പേരെയാണ് ഇതുവരെ ജയിലിലടച്ചത്. ഇതുവരെ 6 പേര്‍ക്ക് മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂ.

കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു, മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു, പ്രകോപനപരമായി പ്രസംഗിച്ചു തുടങ്ങി നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. 

Tags:    

Similar News