ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബര്‍ 7 ന് വാദം കേള്‍ക്കും. ഈ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ച് ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മുമ്പ്, 2022 ഏപ്രിലില്‍ ഒരു വിചാരണ കോടതി ഖാലിദിന്റെ ആദ്യ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയും അദ്ദേഹത്തിന്റെ അപ്പീല്‍ തള്ളി. ഭീകരവിരുദ്ധ നിയമമായ യുഎപിഎയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) നിരവധി വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി കലാപ കേസില്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14 ന് ഖാലിദിനെ ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.