''മലബാറില്‍ യുദ്ധമുഖം തുറക്കുക''; സിഎഎ, എന്‍ആര്‍സി എന്നിവ പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും ബിജെപി നേതാവിന്റെ ആഹ്വാനം

Update: 2021-01-15 10:07 GMT

കോഴിക്കോട്: മലപ്പുറത്ത് യുദ്ധമുഖം തുറക്കണമെന്നും സിഎഎ, എന്‍ആര്‍സി എന്നിവ നടപ്പാക്കാന്‍ ബിജെപി  ജില്ലാ തലത്തില്‍ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്ത് ബിജെപി നേതാവ് സ്റ്റാന്‍ലി സെബാസ്റ്റ്യന്‍. മലബാര്‍ യുഡിഎഫിനും എല്‍ഡിഎഫിനും വിട്ടുകൊടുക്കരുതെന്നും മലബാറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന എഫ്ബി പോസ്റ്റില്‍ അതിനുവേണ്ടി സ്വീകരിക്കേണ്ട ബഹുമുഖ തന്ത്രങ്ങളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. മലബാറില്‍ ജിഹാദി ഭീഷണി ശക്തമാണെന്നും കേരളത്തെ ഐസിസ് വിമുക്തമാക്കണമെന്നും കൊങ്ങി, ജെഎന്‍യു മോഡല്‍ ജിഹാദികളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ ബംഗളൂരില്‍ എന്‍ആന്‍സി അനുകൂല ക്യാമ്പയിനില്‍ പങ്കെടുത്ത ഫോട്ടോ ഷെയര്‍ചെയ്തുകൊണ്ടാണ് ബിജെപി നേതാവിന്റെ മുസ് ലിംകള്‍ക്കെതിരേയുള്ള വംശീയാക്രമണം. കഴിഞ്ഞ വര്‍ഷം സീറോ മലബാര്‍ സഭ കാഞ്ഞിരപ്പള്ളി രൂപത സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുത്ത് മുസ് ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷപ്രസംഗം നടത്തി കുപ്രസിദ്ധനായ ആളാണ് പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍.

ബിജെപിയുടെ വിജയത്തിനു വേണ്ടി മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: 140 മണ്ഡലങ്ങളിലും താമര ചിഹ്നത്തില്‍ മത്സരിക്കുക. പ്രകോപനമുണ്ടാക്കുന്ന, പൊട്ടിത്തെറിക്കുന്ന മാനിഫെസ്‌റ്റോ ഉണ്ടാക്കുക. അതില്‍ ക്രിസ്ത്യാനിക്കും ഹിന്ദുവിനും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.

നൂറോളം സീറ്റുകള്‍ വിശ്വാസികളും ഹിന്ദുത്വരുമായ 'കട്ട' സംഘികള്‍ക്ക് നല്‍കുക. ഗാന്ധിയന്മാര്‍, മതേതരര്‍, സോഷ്യലിസ്റ്റുകള്‍ക്ക് എന്നിവര്‍ക്ക് സീറ്റ് നല്‍കരുത്. ദേശാഭിമാനികളും ദേശീയവാദികളുമായ അച്ചായന്‍ സംഘികള്‍ക്ക് 40 സീറ്റ് നീക്കിവയ്ക്കുക, ജിഹാദികള്‍ക്ക് സീറ്റ് കൊടുക്കാതിരിക്കുക, കാരണം അത്തരക്കാര്‍ ഒരാള്‍ മതി ബിജെപിയുടെ ദൗത്യം പരാജയപ്പെടുത്താന്‍. ജിഹാദി ഭീകരത, കമ്മ്യൂണിസ്റ്റ് ഭീകരത, ലീഗ് താക്വിയ, മാധ്യമ വേശ്യകള്‍, ഇവാന്‍ജലിസ്റ്റ് ബിഷപ്പ് മാഫിയ എന്നിവ മൂലം കേരളം വലയുകയാണ്, ഇവരോട് മൃദുസമീപനം അരുത്, ഗാന്ധിസവും പാടില്ല. ക്രിസ്ത്യാനിക്കും ഹിന്ദുവിനും ജനസംഖ്യാടിസ്ഥാനത്തില്‍ സീറ്റുകള്‍ വിഭജിച്ചു നല്‍കുക, ക്രിസ്ത്യാനികളില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക, സ്ഥാനാര്‍ത്ഥികള്‍ അതാതു മണ്ഡലത്തില്‍ നിന്നു തന്നെ ആയിരിക്കണം.

ഒമ്പതാമത്തേതാണ് ഏറ്റവും പ്രധാനമെന്ന തലക്കെട്ടോടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മലബാറില്‍ യുദ്ധമുഖം തുറക്കുകയെന്നാണ് ഇതിലെ മുഖ്യപ്രമേയം. സിഎഎ, എന്‍ആര്‍സി എന്നിവ ബിജെപി ജില്ലാ ഘടകം നടപ്പില്‍വരുത്തുകയെന്നാണ് ഇതിലെ പ്രധാന ആവശ്യം. എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കമാന്‍ഡോ/ സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തുകയെന്നതാണ് മറ്റൊരു നിര്‍ദേശം.

ബംഗളൂരുവിലെ ഒരു കമ്പനിയില്‍ എംഡിയും ബിജെപി പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളുമാണ് സ്റ്റാന്‍ലി സെബാസ്റ്റ്യന്‍. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ സംഘപരിവാറിന് പിന്തുണ കൊടുക്കാതിരുന്നത് തെറ്റായിപ്പോയെന്നും ഇയാള്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Similar News