ബിജെപി നേതാവിന്റെ വീടാക്രമിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2024-07-16 06:10 GMT

പാലക്കാട്: ബിജെപി നേതാവിന്റെ വീടാക്രമിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പാലക്കാട് നഗരസഭാ മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ എസ് പി അച്യുതാനന്ദന്റെ വീടിനു നേരെ ആക്രമണം സംഭവത്തിലാണ് യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെ പാലക്കാട് സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പാലക്കാട് മണലി ലക്ഷ്മി ഗാര്‍ഡന്‍സില്‍ ആര്‍ രാഹുല്‍(22), തേങ്കുറിശ്ശി സ്വദേശികളായ അജീഷ്(22), സീനാ പ്രസാദ് (25), അനുജുന്‍(25), കല്ലേപ്പുള്ളി സ്വദേശി അജീഷ് കുമാര്‍(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ മൂന്നുപേര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്. കാറിലെത്തിയാണ് ആക്രമണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയാണ് ബിജെപി മുന്‍ സംസ്ഥാന പ്രഫഷനല്‍ സെല്‍ കണ്‍വീനറും മണ്ഡലം കമ്മിറ്റി അംഗവുമായ അച്യുതാനന്ദന്റെ കുന്നത്തൂര്‍മേട് എ ആര്‍ മേനോന്‍ കോളനിയിലെ വീടിനു നേരെ ആക്രമണം നടത്തിയത്. വീടിന്റെ ജനല്‍ ചില്ലുകളും കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു.

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ അനുകൂലിച്ചതിന്റെയും മറ്റൊരു നേതാവിന്റെ അഴിമതിയെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ കുറിപ്പിടുകയും ചെയ്തതിനെ ചൊല്ലി അച്യുതാനന്ദനെ ഭാരവാഹി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. ബിജെപിയിലെ വിഭാഗീയതയാണ് വീടാക്രമണത്തിന് പിന്നിലെന്നാണ് സൂചന.




Tags:    

Similar News