ഡല്‍ഹി അക്രമം: ഐബി ഉദ്യോഗസ്ഥന്റെ കൊല; യുവാവ് അറസ്റ്റിൽ
ഫെബ്രുവരി 27ന് പശ്ചിമ ഡല്‍ഹിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴക്കുചാലില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്.
ന്യൂഡല്‍ഹി: ഡല്‍ഹി അക്രമത്തിനിടയില്‍ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ഒരാളെകൂടി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.
കേസില്‍ നേരത്തെ ആം ആദ്മി കൗണ്‍സിലറായ താഹിര്‍ ഹുസൈനേയും ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആരോപണ വിധേയനായതിന് പിന്നാലെ താഹിറിനെ എഎപി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഡൽഹിയിലെ കർക്കാർദുമ കോടതി ഹുസൈനെ വെള്ളിയാഴ്ച 7 ദിവസത്തെ പോലിസ് കസ്റ്റഡിയിൽ വിട്ടു.
ഡൽഹിയിൽ നടന്ന രണ്ട് അക്രമ കേസുകളിൽ കൂടി താഹിർ ഹുസൈനെ പ്രതിചേർത്തിട്ടുണ്ട്. ദയാൽപൂർ, ഖജൂരി ഖാസ് പ്രദേശങ്ങളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അതത് പോലിസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡല്‍ഹി അക്രമത്തിനിടെ ഫെബ്രുവരി 27ന് പശ്ചിമ ഡല്‍ഹിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴക്കുചാലില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്. കൊലപാതകത്തിൽ ഹുസൈനും കൂട്ടാളികളും പങ്കാളികളാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.
അക്രമ സമയത്ത് പ്രദേശത്ത് പെട്രോൾ ബോംബുകൾ എറിഞ്ഞിരുന്നവരെ ഹുസൈൻ വീട്ടിൽ പാർപ്പിച്ചിരുന്നെന്നും ശർമയുടെ പിതാവ് ആരോപിച്ചിരുന്നു. ശർമയുടെ പിതാവ് ഡൽഹി പോലിസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. സെൻട്രൽ ഡൽഹിയിലെ കരോൾ ബാഗ് പോലിസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്നു. അതേസമയം, ഹുസൈൻ ആരോപണങ്ങൾ നിരസിച്ചിട്ടുണ്ട്.