കുവൈത്ത് തീപ്പിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരണം

Update: 2024-06-14 12:37 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിലെ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് അധികൃതര്‍. 24 മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ ദാരുണമരണത്തിനു കാരണമാക്കിയ തീപ്പിടത്തെ തുറിച്ച് കുവൈത്ത് അഗ്‌നിരക്ഷാസേന നടത്തിയ അന്വേഷണത്തിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കണ്ടെത്തിയതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സംഭവത്തിനു തൊട്ടുപിന്നാലെ കെട്ടിട ഉടമ, സെക്യൂരിറ്റി ജീവനക്കാരന്‍, കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ എത്തിച്ചത്. മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനായതിനാല്‍ മൃതദേഹം മുംബൈയിലേക്കാണ് എത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി വ്യവസായി കെ ജെ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന ഫഌറ്റ് സമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തമുണ്ടായത്. ഈജിപ്തുകാരനായ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണം. നിമിഷനേരം കൊണ്ട് ആളിപ്പടര്‍ന്ന തീയില്‍ പുക ശ്വസിച്ചും മറ്റുമാണ് ജീവന്‍ പൊലിഞ്ഞത്.

Tags:    

Similar News