കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ആര്‍ടിഒ
കണ്ണൂര്‍: ദമ്പതികളുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണന്‍. വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ മൊഴി തന്നിട്ടുണ്ട്. എന്നാല്‍, ആശുപത്രിയിലെത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടി. ഹൈക്കോടതിയില്‍ ഇന്ന് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആര്‍ടിഒ പ്രതികരിച്ചു.
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ മകള്‍ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.38ന് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു ദാരുണമായ അപകടം. പൂര്‍ണഗര്‍ഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം.
ആശുപത്രിയിലെത്താന്‍ 50 മീറ്റര്‍ മാത്രം ശേഷിക്കെ കാറില്‍ നിന്ന് പുക ഉയര്‍ന്നു. വാഹനം നിര്‍ത്തിയ പ്രജിത്ത് കാറിലുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മകള്‍ ശ്രീ പാര്‍വതി, റീഷയുടെ പിതാവ് വിശ്വനാഥന്‍, മാതാവ് ശോഭന, സഹോദരി സജിന എന്നിവര്‍ പുറത്തിറങ്ങി. എന്നാല്‍, മുന്‍സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല.