'സിദ്ദീഖ് കാപ്പന്‍ ഒരു പ്രതീകം'; ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്ന് എം വി ശ്രേയാംസ് കുമാര്‍
കോഴിക്കോട്: യുപി പോലിസ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള മലയാള മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഒരു പ്രതീകമാണെന്നും ഇനിയും ഇത് പോലുള്ള ധാരാളം സിദ്ദീഖ് കാപ്പന്‍മാര്‍ ഉണ്ടാവുമെന്നും എംവി ശ്രേയാംസ് കുമാര്‍ എംപി. സിദ്ദീഖ് കാപ്പന്റെ ജയില്‍ വാസത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ കെയുഡബ്ല്യൂജെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിലപാടുകള്‍ ഉണ്ടാവുന്നു. അതിനെതിരേ പ്രതികരിക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇത് പോലുള്ള പ്രശ്‌നങ്ങള്‍ ഇനിയും ധാരളമായി വരാന്‍ ഇരിക്കുന്നതെയുള്ളു. ഇതൊരു തുടക്കം മാത്രമാണ്. സമ്മര്‍ദങ്ങളുടെ മേല്‍ ഇന്ന് വാര്‍ത്തയെ വീക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. നമ്മള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഇത്തരം നിലപാടുകള്‍ക്കെതിരേ നിലപാടെടുക്കാന്‍ തയ്യാറാവണം. ആ സമയത്ത് നഷ്ടങ്ങളെ കുറിച്ചല്ല ആലോചിക്കേണ്ടത്. സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുന്ന് കഴിഞ്ഞാല്‍ നാളെ സംഭവിക്കാന്‍ ഇരിക്കുന്ന വലിയ വിപത്തിനെ കുറിച്ചുള്ള ധാരണ ഇന്ന് നമ്മളെല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു'. ശ്രേയാംസ് കുമാര്‍ പറഞ്ഞു.
സിദ്ദീഖ് കാപ്പനെ വിചാരണ കൂടാതെയുള്ള ജയില്‍ ജീവിതം ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇന്ന് കേരളത്തിലെ മുഴുവന്‍ പ്രസ്‌ക്ലബ്ബുകളില്‍ നടക്കുകയാണ്. എന്നാല്‍, ഇത് കേരളത്തില്‍ മാത്രമാണ് നടക്കുന്നതെന്നും നാം ഓര്‍ക്കണം. ഡല്‍ഹിയില്‍ ഉണ്ടാവുന്നില്ല. വേറൊരു സംസ്ഥാനത്തും ഇതിനെതിരായ പ്രതിഷേധം ഉണ്ടാവുന്നില്ല. കാരണം അദ്ദേഹത്തെ ഒരു രാജ്യദ്രോഹി എന്നാണ് മുദ്രകുത്തിയിരിക്കുന്നത്. നമ്മള്‍ നമുക്ക് ചെയ്യാന്‍ ആവുന്നത് ചെയ്യുക. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കുക'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി പി എസ് രാകേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമാല്‍ വരദൂര്‍, എം വി ഫിറോസ്, വിപുല്‍നാഥ്, കെ സി റിയാസ്, സന്തോഷ് വാസുദേവ്, ബി മിഥില എന്നിവര്‍ സംസാരിച്ചു.